കണ്ണൂർ : തളിപ്പറമ്പിൽ പാർട്ടി വിട്ട് എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്‌ക്കെതിരെ മത്സരിക്കുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദൻ വർഗ വഞ്ചകൻ എന്ന് മുതിർന്ന നേതാവ് എം വി ജയരാജൻ. യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ടി കെ ഗോവിന്ദൻ ഒരു രാഷ്ട്രീയ വഞ്ചകൻ കൂടി ആയെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ടി കെ ഗോവിന്ദൻ വർഗ വഞ്ചകനായിട്ടാണ് മാറിയത്. മാത്രമല്ല യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ഒരു രാഷ്ട്രീയ വഞ്ചകൻ കൂടിയായി മാറി. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തന്നെ വളർത്തിയത് എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ഇത്തരമൊരു രാഷ്ട്രീയ വഞ്ചനയും വർഗ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നു. അതുകൊണ്ട് ഇത്തരം ആളുകളെ ജനം തിരിച്ചറിയും. വർഗ വഞ്ചകർക്കെതിരെ ജനം അണിനിരക്കും. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിൽ ഒരു പങ്കുമില്ല. പാർട്ടി പൊതുവെ തീരുമാനിച്ചതാണ് ഇക്കാര്യം. ശ്യാമള കഴിഞ്ഞ 40 വർഷമായി പൊതുപ്രവർത്തനരംഗത്ത് ഉണ്ട്’- എം വി ജയരാജൻ പറഞ്ഞു.
പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയാകാൻ ടി കെ ഗോവിന്ദൻ തീരുമാനിച്ചത്. നിലവിൽ ഹാൻ വീവ് ചെയർമാനാണ് ടി കെ ഗോവിന്ദൻ. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി കെ ഗോവിന്ദൻ. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ എതിർപ്പു ഉന്നയിച്ച നേതാവാണ് അദ്ദേഹം. ഇക്കുറി തളിപ്പറമ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലത്തെ പാർട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്.
ടി കെ ഗോവിന്ദൻ വർഗ വഞ്ചകൻ; ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എം വി ഗോവിന്ദന് പങ്കില്ല
