ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് അപേക്ഷയൊന്നും നൽകിയിട്ടില്ലെന്ന് കേന്ദ്രം. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം അറിയിച്ചത്.
പ്രധാന തുറമുഖങ്ങളല്ലാത്തവ അതത് സംസ്ഥാന സർക്കാരുകളുടെ ഭരണ നിയന്ത്രണത്തിലാണ് വരുന്നത്. അതിനാൽ ഇവയുടെ വികസനവും അനുമതികളും നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിലാണ്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെസംസ്ഥാന സർക്കാർ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ ‘കൺസഷനിംഗ് അതോറിറ്റി’ കേരള സർക്കാരാണ്. 49 ശതമാനം ഓഹരികൾ കൈമാറുന്നതിനായി അദാനി പോർട്സ് തങ്ങളെ സമീപിച്ചതായി കേരള സർക്കാർ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
