‘ടികെ ഗോവിന്ദനൊപ്പം ആരുണ്ട് എന്നാണ് സിപിഎം ചോദിച്ചത്, ഇപ്പോൾ കാര്യങ്ങൾ തെളിഞ്ഞില്ലേ?’…

കണ്ണൂർ: താൻ യുഡിഎഫ് എംഎൽഎയായി തുടരുമെന്ന് തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടികെ ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങളും തനിക്ക് വോട്ടു ചെയ്തിട്ടുണ്ട്. പാർട്ടിക്കകത്തെ ജനാധിപത്യ വിരുദ്ധമായ നടപടികളെയും ഏകാധിപത്യത്തെയും എതിർത്തുകൊണ്ടാണ് താൻ ഈ കാര്യങ്ങൾ പുറത്തു പറഞ്ഞത്. ടികെ ഗോവിന്ദനൊപ്പം ആരാണുള്ളതെന്നാണ് പാർട്ടി നേതാക്കൾ ചോദിച്ചത്. മെയ് 4 കഴിഞ്ഞാൽ ഈ കാര്യം തെളിയുമെന്ന് താൻ അന്ന് പറഞ്ഞു. ഈ ജനവിധിയിലൂടെ എല്ലാ വിഭാഗമാളുകളും ഞാൻ പറഞ്ഞതിനോടൊപ്പമാണെന്ന് തെളിഞ്ഞു.

സിപിഎമ്മിനകത്തെ ഉൾപാർട്ടി പ്രശ്‌നങ്ങൾ തിരുത്തേണ്ടത് നേതാക്കളാണ്. താൻ മാത്രമല്ല പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനും അമ്പലപ്പുഴയിൽ ജി സുധാകരനും ഇതേ കാര്യം പറഞ്ഞ് പുറത്തു വന്നവരാണ് അവരും ജയിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ജനാധിപത്യം സംരക്ഷിക്കാനും കുടുംബ വാഴ്ച്ചയെ എതിർത്തും താൻ നടത്തിയ പോരാട്ടങ്ങളിൽ എല്ലാ വിഭാഗങ്ങളും പിന്തുണച്ചിട്ടുണ്ട് അതിൽ സിപിഎം പ്രവർത്തകരുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി തകരാൻ പാടില്ലെന്ന് ചിന്തിക്കുന്നവരാണ് ഈ നാട്ടിലെ എല്ലാ ജനങ്ങളും. അതിൽ യുഡിഎഫുകാരുമുണ്ട്. താൻ പാർട്ടിയിലെ ചില കാര്യങ്ങൾ പറഞ്ഞ് പുറത്തു വന്നപ്പോൾ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമൊക്കെ പിന്തുണച്ചു.

തൻ്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കൂടെ നിന്നു. വളരെ ചുരുങ്ങിയ ദിവസം മാത്രമേയുള്ളുവെങ്കിലും യുഡിഎഫ് പ്രവർത്തകർ എൻ്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന എംഎൽഎയായി കൂടെയുണ്ടാകും. തനിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവനാളുകളോടും നന്ദി പറയുന്നതായി ടികെ ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!