കൊച്ചി: മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയ ബാറ്റിക് എയർ വിമാനത്തിൽ അതിക്രമം കാട്ടിയ പാലക്കാട് സ്വദേശി ജംഷീർ, മജിസ്ട്രേറ്റിന് മുന്നിലും അസ്വസ്ഥമായ പെരുമാറ്റം കാട്ടി. വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് സഹയാത്രികരും ക്യാബിൻ ക്രൂവും ചേർന്നാണ് ഇയാളെ നിയന്ത്രണവിധേയനാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ സി.ഐ.എസ്.എഫ്. ഇയാളെ പൊലീസിന് കൈമാറി.
തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് ജംഷീർ ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ കീറിക്കളഞ്ഞു. പൊലീസ് ഉടൻ ഇടപെട്ട് ഇയാളെ നിയന്ത്രണത്തിലാക്കി. സംഭവത്തിൽ യുവാവിന് ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയർ വിമാനയാത്രയ്ക്കിടെയാണ് സംഭവം. രാത്രി 9.30നും 11 മണിക്കും ഇടയിൽ ജംഷീർ വിമാനത്തിന്റെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചുവെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാരും ക്യാബിൻ ക്രൂവും സമയോചിതമായി ഇടപെട്ടതോടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹയാത്രികർ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് കോടതിയിലും…
