രാജാക്കാട് : സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നതു കണ്ടാൽ തമിഴ് നാട്ടിലെ പൂപ്പാടങ്ങളാണെന്ന് തോന്നും ഇടുക്കി ജില്ലയിലെ ബൈസൺവാലിയിലെ പാടശേഖരത്തിൽ വിരിഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കാണുന്നവർക്ക്.

ഈ പാടശേഖരങ്ങളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷങ്ങളായി പൂ കൃഷിയിൽ വിജയം കൊയ്തെടുക്കുകയാണ് കർഷകനും സംരംഭകനുമായ ജിജോ. തമിഴ്നാട്ടിലെ പുഷ്പകൃഷിയും പൂപ്പാടങ്ങളും കാണാൻ ജില്ലയുടെ അതിർത്തി കടന്ന് നിരവധി പേരാണ് പോയിരുന്നത്. എന്നാൽ അതിനി ബൈസൺവാലിയിൽ ദർശിക്കാൻ കഴിയും.
ജലക്ഷാമം കാരണം നെൽ കൃഷി സാധ്യമല്ലാതെ വന്നപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പൂ കൃഷിയാണ് വിജയം കണ്ടത്. ഇതിന് സമീപത്ത് കുട്ടികൾക്കായി ചെറിയൊരു പാർക്കും ജിജോ തയ്യാറാക്കിയിട്ടുണ്ടു്. ജിജോയുടെ പൂപ്പാടം വിജയം കണ്ടതോടെ മറ്റ് കർഷകരും സൂര്യകാന്തി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി വിനോദ സഞ്ചാരികളും നാട്ടുകാരും പൂ കൃഷി കാണുന്നതിനും ആസ്വദിക്കുന്നതിനും ഇവിടെ നിത്യ സന്ദർശകരാണ്.
