നാഗർകോവിലിൽ ട്രെയിനിൽ 50-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു; 31 കാരൻ അറസ്റ്റിൽ…

മധുര : നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരിയിലെ ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പനെ (31) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

നാല് ദിവസത്തോളം പുറത്തറിയാതിരുന്ന ക്രൂരകൃത്യത്തിലാണ് നിർണായക അറസ്റ്റ് ഉണ്ടായത്.*നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിൻഭാഗത്തുള്ള ഭിന്നശേഷിക്കാരുടെ കോച്ചിലെ സീറ്റിനടിയിൽ നിന്നാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെടുത്തത്. നവംബർ 18-ന് രാവിലെ എട്ടോടെ ആയിരുന്നു സംഭവം.

നാഗർകോവിൽ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച തോടെ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

റെയിൽവേ പോലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. നവംബർ 14-ന് രാവിലെ എട്ടോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ കോച്ചിൽ നിന്നിറങ്ങിപ്പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു.

അതേദിവസം പുലർച്ചെ 12.30-ഓടെ അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം നടക്കുകയായിരുന്ന സ്ത്രീയെ പ്രതി പിടികൂടി ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ നാല് മാസമായി പ്രതി നാടോടിയായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. അറസ്റ്റിനും ചോദ്യംചെയ്യലിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!