ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രഭാതങ്ങൾക്ക് ഭക്തിയുടെയും ശാന്തിയുടെയും സുഗന്ധമാണ്. അവിടെ നടക്കുന്ന ഗീതാ ക്ലാസുകളിൽ അറിവിന്റെയും ആത്മീയതയുടെയും പാഠങ്ങൾ തേടി നിരവധി പേർ എത്താറുണ്ട്.

എന്നാൽ, മൂന്ന് വർഷങ്ങൾക്ക് മുൻപ് ആ ക്ലാസിലേക്ക് എത്തിയ ഒരു അമ്മയുടെയും രണ്ട് മക്കളുടെയും കണ്ണുകളിൽ ഭക്തിയോടൊപ്പം വിങ്ങുന്ന ജീവിതദുരിതങ്ങളുടെ നിഴലും ഉണ്ടായിരുന്നു.

ഏറ്റുമാനൂർ ഇഞ്ചിപ്പറമ്പ് വീട്ടിൽ ആശാ മണിയും മക്കളായ അരുണും വിജയലക്ഷ്മിയും. ഉള്ളുലയ്ക്കുന്ന പ്രതിസന്ധികൾക്കിടയിലും ജീവിതത്തോട് പൊരുതി മുന്നേറുന്ന ആ കുടുംബത്തിന്റെ നിശബ്ദമായ വേദനകൾ ഗീതാ ക്ലാസിലെ സേവാഭാരതിയുടെ സുമനസ്സുകളുടെ കണ്ണിൽപ്പെടാൻ അധികസമയം വേണ്ടിവന്നില്ല.

സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വിഷമതകളും ജീവിതഭാരവും പേറുന്ന ആ അമ്മയ്ക്കും മക്കൾക്കും താങ്ങാകാൻ അവർ തീരുമാനിച്ചു.

ഭഗവദ്ഗീത പകർന്നുനൽകുന്ന കർമ്മയോഗത്തിന്റെ നേർസാക്ഷ്യമായി അവിടെയൊരു വലിയ ദൗത്യത്തിന് തുടക്കമായി. ആശയ്ക്കും മക്കൾക്കും തലചായ്ക്കാൻ ഒരിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിശ്വ സേവാഭാരതി കേരളവും പുണ്യം ട്രസ്റ്റും കൈകോർത്തു. അതൊരു വെറും കെട്ടിടനിർമ്മാണമായി രുന്നില്ല; മറിച്ച് ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാനുള്ള മൂന്ന് വർഷം നീണ്ട സ്നേഹപ്രയത്നമായിരുന്നു.

ഓരോ കല്ലും ഓരോ ചുവരും ഉയർന്നത് നന്മയുള്ള ഒരുകൂട്ടം മനുഷ്യരുടെ കൂട്ടായ്മയിലൂടെയാണ്. വിശ്വ സേവാഭാരതിയുടെ സാമ്പത്തിക കരുത്തും പുണ്യം ട്രസ്റ്റിന്റെ നിർമ്മാണ മികവും ഒത്തുചേർന്നപ്പോൾ, ആശയുടെയും മക്കളുടെയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായി.

ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി രിക്കുന്നു. മനോഹരമായ ആ കൊച്ചുഭവനത്തിന്റെ ഗൃഹപ്രവേശനം നവംബർ 21 ശനിയാഴ്ച രാവിലെ 8.00 മണിക്ക് നടന്നു. ആർ എസ് എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി പുതിയ വീടിന്റെ താക്കോൽ ആശാ മണിക്കും മക്കൾക്കും കൈമാറി .

അത് കേവലം ഒരു താക്കോൽ കൈമാറ്റം മാത്രമല്ല, മറിച്ച് സുരക്ഷിതമായ ഒരു നാളെയിലേക്കുള്ള വാതിൽ തുറക്കലായിരുന്നു. ഏറ്റുമാനൂരിന്റെ മണ്ണിൽ, ഗീതാ പാഠങ്ങൾ വെറും വാക്കുകളല്ലെന്നും അത് മനുഷ്യസ്നേഹത്തിന്റെ പ്രവൃത്തികളായി മാറുമെന്നും തെളിയിക്കുകയാണ് ഈ സ്നേഹഭവനം. ആശയ്ക്കും അരുണിനും വിജയലക്ഷ്മിക്കും ഇനി ഭയമില്ലാതെ തലചായ്ക്കാം; സ്നേഹത്തിന്റെയും കരുതലിന്റെയും ഈ തണലിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!