ബോളിവുഡിൽ കുറച്ചു കാലമായി അത്ര നല്ല കാലമല്ല നടൻ അക്ഷയ് കുമാറിന്. സ്കൈ ഫോഴ്സ് ആണ് അക്ഷയ് കുമാറിന് ഈ അടുത്ത കാലത്ത് കുറച്ച് ആശ്വാസമായി മാറിയ ചിത്രം. പ്രതീക്ഷിച്ച അത്ര വിജയം നേടാൻ ചിത്രത്തിനായില്ലെങ്കിലും അക്ഷയ് കുമാറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് സ്കൈ ഫോഴ്സ് പ്രേക്ഷക പ്രശംസ നേടിയിരുന്നു. അക്ഷയ് കുമാർ ആരാധകർക്കും ബോളിവുഡിനും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് കേസരി ചാപ്റ്റർ 2.
ഇതുവരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുതിയ കാരക്ടർ ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ. കഥകളി വേഷത്തിലാണ് പോസ്റ്ററിൽ അക്ഷയ് കുമാറിനെ കാണാനാവുക. കഥകളിയിലെ പച്ച വേഷത്തിലാണ് അക്ഷയ് കുമാർ എത്തിയിരിക്കുന്നത്. രാജാക്കൻമാരെ പച്ച വേഷത്തിലാണ് കഥകളിയിൽ അവതരിപ്പിക്കുന്നത്.
‘ഇത് ഒരു വേഷമല്ല, ഇത് ഒരു പ്രതീകമാണ് – പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നു’- എന്നാണ് അക്ഷയ് കുമാർ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അറിയാക്കഥകളിലൂടെയാണ് കേസരി ചാപ്റ്റർ 2 സഞ്ചരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം നടൻ ആർ മാധവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കരൺ സിങ് ത്യാഗി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
സി ശങ്കരൻ നായരായാണ് ചിത്രത്തിൽ അക്ഷയ് കുമാറെത്തുന്നത്. നടി അനന്യ പാണ്ഡെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിറയെ ഇമോഷന്‍സും ഡ്രാമയുമുള്ള ഒരു പക്കാ കോര്‍ട്ട്‌റൂം സിനിമയാകും കേസരി 2 എന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നത്.
