തിരുവനന്തപുരം : ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് പിജിയ്ക്ക് പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയോട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് വകുപ്പ്.
എംഎഫ്എ പാസായ കലേഷ്, എംഎ മലയാളം പാസായ നിവേദിത രാജ് എന്നിവരുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട പരാതി ഉയർന്ന സാഹചര്യത്തിലാണ് ഓഡിറ്റ് വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന ഓഡിറ്റ് വകുപ്പ് നൽകിയ നോട്ടീസിന്റെ പകർപ്പ് പുറത്തുവന്നു.
സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ മാത്രമല്ല, വിദ്യാർഥി പ്രവേശനങ്ങളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.
ആരോപണ വിധേയരായ വിദ്യാർഥികൾ ഡിഗ്രി പൂർത്തിയാക്കിയിരുന്നെങ്കിലും പരീക്ഷ പാസായിരുന്നില്ലെന്നാണ് വിവരം. ഒരാൾ കാലടി സർവകലാശാലയിലും മറ്റൊരാൾ തുറവൂർ സെന്ററിലുമാണ് ഡിഗ്രിക്ക് പഠിച്ചത്. എന്നാൽ ബിരുദയോഗ്യതയില്ലാതിരുന്നിട്ടും ഇരുവർക്കും പിജിക്ക് പ്രവേശനം ലഭിക്കുകയും കോഴ്‌സ് പൂർത്തിയാക്കുകയും ചെയ്തു.
2021ൽ എംഎഫ്എ ഫൈൻ ആർട്സ് ന്യൂറൽ പെയിന്റിങ് വിഭാഗത്തിൽ പ്രവേശനം നേടിയ കലേഷ് 2023ലാണ് കോഴ്‌സ് പാസായത്. പിന്നീട് ജോലിക്കായി ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് ബിരുദപരീക്ഷ പാസായിട്ടില്ലെന്ന വിവരം സർവകലാശാല അറിയിച്ചത്. നിവേദിത രാജിന്റെ കാര്യത്തിലും സമാനമായ സാഹചര്യമാണുണ്ടായത്.
കാലടി സർവകലാശാലയിൽ പിജി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ എഴുതാൻ നാലാം സെമസ്റ്റർ പാസായാൽ മതി. എന്നാൽ അഡ്മിഷൻ ലഭിച്ചുകഴിഞ്ഞാൽ ആവശ്യമായ ബിരുദയോഗ്യതയുണ്ടെന്ന് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്വമാണ്. ഇതിൽ സര്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചോ എന്നത് ഉൾപ്പെടയുള്ള കാര്യങ്ങളിലാണ് ഓഡിറ്റ് വകുപ്പ് ഇപ്പോൾ വിശദീകരണം തേടിയത്.
പിജി പ്രവേശനം ലഭിച്ച ഇരുവർക്കും എസ്എഫ്ഐ പശ്ചാത്തലമുണ്ടായിരു ന്നുവെന്ന വിവരവുമുണ്ട്. സംഭവത്തിൽ ക്രമക്കേടുകൾ നടന്നോ എന്ന സംശയത്തെ ത്തുടർന്ന് ഈ മാസം 17നാണ് ഓഡിറ്റ് വകുപ്പ് സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയത്. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് നോട്ടീസ്.
