കൊച്ചി : മട്ടാഞ്ചേരിയിൽ അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഏഴ് വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകരുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുള്ളിക്കലിൽ വെച്ച് ഒരു ബൈക്കിനെ ഇടിച്ച കാർ, വാഹനം നിർത്താതെ ഒന്നര കിലോമീറ്ററോളം ബൈക്കിനെ റോഡിലൂടെ വലിച്ചിഴച്ചതായി ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.
പനയപ്പിള്ളി ഭാഗത്തുനിന്നാണ് ഇരുചക്ര വാഹനവും വലിച്ചിഴച്ച് അമിതവേഗത്തിൽ കാർ വരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലണ്ടിമുക്കിൽ വെച്ച് കാർ ഒരു സ്ത്രീയെ ഇടിച്ചിട്ടു. അവിടെനിന്നും നിർത്താതെ പാഞ്ഞ കാർ, ബസാർ റോഡിലെ കൂനൻകുരിശ് പള്ളിക്ക് സമീപം എത്തുന്നത് വരെ ആറ് വാഹനങ്ങളെക്കൂടി ഇടിച്ച് തകർത്തു.
റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വഴിയരികിൽ നിന്നിരുന്ന പലരും കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒടുവിൽ ബസാർ റോഡിൽ കൂനൻകുരിശ് പള്ളിക്ക് സമീപം വെച്ച് നാട്ടുകാർ സാഹസികമായി വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
തുടർച്ചയായ അപകടങ്ങളിൽ രോഷാകുലരായ നാട്ടുകാർ കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചുതകർത്തു. കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി ഡാൽട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം അപകടമുണ്ടാക്കിയ കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറിടിച്ച് തകർന്ന വാഹനങ്ങളുടെ ഉടമകളെല്ലാം പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
