ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നിയമിച്ച മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ച സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത്, പി.എ. അഭിലാഷ് എന്നിവരാണ് അംഗങ്ങളായി ചുമതലയേറ്റത്.
അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ വായിച്ചു. തുടർന്ന് ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുത്തു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, എസ്. ബാലഗോപാൽ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ പാർട്ടി, വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ സംഘടനാ പ്രതിനിധികൾ പുതിയ അംഗങ്ങളെ ഹാരമണിയിച്ച് സ്വീകരിച്ചു. ചുമതലയേറ്റ അംഗങ്ങളുടെ ആദ്യ ഭരണസമിതി യോഗവും ഇതോടനുബന്ധിച്ച് ചേർന്നു. രണ്ട് വർഷമാണ് ഭരണസമിതി അംഗങ്ങളുടെ കാലാവധി.
