തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്നത് കേരളത്തെ കബളിപ്പിച്ച തട്ടിപ്പാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ കേസിൽ പ്രതിചേർത്ത നടപടിയിൽ ഗവർണറുടെ അനുമതി ലഭിച്ചിരുന്നുവെന്നും സംഭവത്തിൽ ദുരൂഹമായ ഇടപാടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെ ന്നും ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, മെസി തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ, മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം നടപടി സ്വീകരിച്ചു.
തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ആർബിസിക്ക് വേണ്ടി മുൻമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇടപെടലിന് പിന്നിൽ നേരായ ഉദ്ദേശമുണ്ടായിരുന്നോ യെന്നും സംശയിക്കേണ്ട സാഹചര്യമു ണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഡിയം കൈമാറ്റത്തിൽ സുതാര്യത പാലിച്ചില്ലെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ട് മാസവും നാല് ദിവസവും സൗജന്യമായി വിട്ടുനൽകിയതിലൂടെ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടായി.
മന്ത്രി, പ്രൈവറ്റ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവർ ഇതിനായി ഒരുപോലെ പ്രവർത്തിച്ചുവെ ന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാരിന് ബാധ്യതയുണ്ടാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയെന്നും ഇതിന് കൃത്യമായ കരാർ ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. അതിനിടെ അധ്യാപക സംഘടനയുടെ സെക്രട്ടേറിയറ്റ് വളയൽ സമരത്തെയും രമേശ് ചെന്നിത്തല വിമർശിച്ചു. കഴിഞ്ഞ 11 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ആറുമാസം കൊണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സമരം ഉദ്ഘാടനം ചെയ്യാൻ മുൻ മുഖ്യമന്ത്രിതന്നെ എത്തുന്നത് ഇതിന്റെ വിരോധാഭാസമാണ്. പത്തുവർഷം സമരം ചെയ്യാൻ കഴിയാതെ പോയതിന്റെ ദുഃഖമാണ് ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും ജനങ്ങൾ ഇക്കാര്യം മനസ്സിലാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
