ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത അടൂർ പ്രകാശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവിട്ട്  കെ അനിൽകുമാർ

കോട്ടയം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത അടൂർ പ്രകാശിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ട് സിപിഎം നേതാവ് കെ അനിൽകുമാർ. 2024 ജനുവരി 27ന് അടൂർ പ്രകാശ് പങ്കുവെച്ച് പോസ്റ്റാണ് ഇപ്പോൾ കെ അനിൽകുമാര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അയ്യപ്പഭക്തൻ എന്നാണ് അടൂർ പ്രകാശ് ഈ പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഒന്നും ശരിയാകുന്നില്ലല്ലോ യുഡിഎഫ് കൺവീനറേ എന്നാണ് അനിൽകുമാര്‍ കുറിച്ചിട്ടുള്ളത്.

ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും , ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ഇന്ന് ആവശ്യപ്പെട്ടിരുന്നു. പോറ്റിയും,  ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഈ ആരോപണങ്ങൾക്ക് ജോൺ ബ്രിട്ടാസ് മറുപടി നൽകുകയും ചെയ്തു. ജയിലിൽ പോകുന്നതിന് മുമ്പ് പോറ്റി അടൂർ പ്രകാശിനെയാണോ ഫോൺ ഏൽപ്പിച്ചതെന്ന് ബ്രിട്ടാസ് ചോദിച്ചു. പോറ്റി മാത്രമല്ല ഗോവർധനും പങ്കജ് ബന്ധരിയും,  അടൂർ പ്രകാശിനൊപ്പം ചിത്രങ്ങളിലുണ്ട്. എങ്ങനെയാണ് ഇവരെല്ലാം 10 ജൻപഥിൽ കയറി വിരകുന്നത്. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോറ്റി, സോണിയ ഗാന്ധിയെ കണ്ട സമയത്ത് എങ്ങനെയാണ് ഗോവർധനും പങ്കജ് ഭണ്ഡാരിയും ഒപ്പം എത്തിയതെന്നും ജോൺ ബ്രിട്ടാസ് ചോദിക്കുന്നു. അടൂർ പ്രകാശ് പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല. അടൂർ പ്രകാശിന്റേത് വിഭ്രാന്തി മൂലമുള്ള ജൽപ്പനങ്ങളാണെന്നും അദ്ദേഹം പരിഹസിച്ചു. സോണിയ ഗാന്ധി അയ്യപ്പ വിശ്വാസിയാണെങ്കിൽ എന്തുകൊണ്ട് ശബരിമല സന്ദർശിക്കുന്നില്ലെന്നും പോറ്റിയെ അയ്യപ്പന്റെ പ്രതിപുരുഷൻ ആക്കിയത് ആരാണെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!