അമേരിക്ക തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി മാറി, സിപിഐഎം പ്രതിഷേധം നടത്തും: എം എ ബേബി

വെനസ്വേലക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന് എം എ ബേബി. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നതും കാരണമാണ്. അമേരിക്കയ്ക്ക് കീഴിലുള്ള ലോകം എന്നതാണ് അവരുടെ ലക്ഷ്യം.മറ്റ് രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപ്പെട്ടിട്ടും ലോകത്ത് എടുത്ത് കാണിക്കാൻ ഉള്ള ഒരു നേട്ടം അമേരിക്കയ്ക്ക് ഇല്ല. അതിന് വേണ്ടി കൂടിയാണ് വെനസ്വേലയ്ക്ക് മേൽ കുതിര കയറുന്നത്. തീവ്രവാദ തെമ്മാടിത്ത രാഷ്ട്രമായി അമേരിക്ക മാറി.അപലപിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധ സമീപനം സ്വീകരിച്ച് ഇന്ത്യ വെനസ്വേലയോട് ഐക്യപ്പെടണം. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും.

ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം,നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ‌ലംഘനമാണ് വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണം. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

ഇന്ത്യയും , വെനസ്വേലയും തമ്മിൽ പല തലങ്ങളിലുള്ള ബന്ധമുണ്ട്. ലോകത്ത് സോളാർ അലൈൻസ് രൂപീകരിക്കുമ്പോൾ ഇന്ത്യയും,  വെനസ്വേലയും സ്ഥാപക അംഗങ്ങളാണ്. എണ്ണയും, പ്രകൃതി വതാകവും ഖനനം ചെയ്യുന്ന പ്രക്രിയയിൽ വെനസ്വേലയുമായി ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ ഒഎൻ ജിസി വിദേശ് സഹകരിക്കുന്നുണ്ട്. അമേരിക്കയുടെ ആക്രമണത്തെ അപലപിക്കാൻ ഇതുവരെ ഇന്ത്യ തയാറായിട്ടില്ല. അത് ഇന്ത്യയെ സംബന്ധിച്ച് അപമാനകരമാണ്.

ഇന്ത്യ നിശബ്ദത അവസാനിപ്പിച്ച് ശബ്ദിച്ചാൽ എന്താണ് സംസാരിക്കുക എന്നതിൽ ഉത്കണ്ഡയുണ്ട് . സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടാണ് സ്വാതന്ത്ര്യസമരകാലം മുതൽ ഇന്ത്യ സ്വീകരിക്കുന്നത്. എന്നാൽ കാലക്രമേണ അവ ഇല്ലാതാകുന്നു. സാമ്രാജ്യത്വ നിലപാടുയർത്തിപ്പിടിച്ച് വെനസ്വേലയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!