ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി അശ്വിനി വൈഷ്ണവ്

ബംഗളൂരു–മുംബൈ യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് തുടക്കമായി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നവംബർ ഒന്നിന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസാണിത്. ഹൗറ–കാമാഖ്യ, വാരണാസി–ന്യൂഡൽഹി റൂട്ടുകൾക്ക് പിന്നാലെയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് മറ്റ് ട്രെയിനുകളിൽ 22 മുതൽ 24 മണിക്കൂറിലധികം യാത്ര വേണ്ടിവരുമ്പോൾ പുതിയ ട്രെയിനിൽ ഏകദേശം 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം.

ഐടി, സ്റ്റാർട്ടപ്പ് മേഖലയിലെ പ്രധാന കേന്ദ്രമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു . ദക്ഷിണ പശ്ചിമ റെയിൽവേയ്ക്കാണ് ട്രെയിനിന്റെ നടത്തിപ്പ് ചുമതല.

ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ എത്തും. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന മടക്ക ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് ഉണ്ടാകുക. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ചകളിൽ സർവീസ് നടത്തില്ല. മുംബൈയിൽ നിന്നുള്ള ട്രെയിൻ ചൊവ്വാഴ്ചകളിലും ഓടില്ല.

അനന്തപുരം, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. നവംബർ രണ്ടിന് മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്ഥിരം സർവീസ് ആരംഭിക്കും. നവംബർ മൂന്നിനാണ് ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം സർവീസ് തുടങ്ങുന്നത്.

16 കോച്ചുകളുള്ള ട്രെയിനിൽ എസി ത്രീ ടയർ, എസി ടു ടയർ, ഫസ്റ്റ് എസി എന്നീ മൂന്ന് യാത്രാ ക്ലാസുകളാണുള്ളത്. ബെംഗളൂരു–മുംബൈ പൂർണ യാത്രയ്ക്ക് ത്രീ ടയർ എസിയിൽ 2,810 രൂപയും ടു ടയർ എസിയിൽ 3,630 രൂപയും ഫസ്റ്റ് എസിയിൽ 4,450 രൂപയുമാണ് നിരക്ക്. സുഖകരമായ ബെർത്തുകൾ, വായനയ്ക്കുള്ള പ്രത്യേക ലൈറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, ജിപിഎസ് അധിഷ്ഠിത യാത്രാ വിവരങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ബയോ വാക്വം ടോയ്‌ലറ്റുകൾ എന്നിവയും ട്രെയിനിലുണ്ട്.

ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിലുള്ള ഷവർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളും തീപിടിത്തം കണ്ടെത്താനുള്ള സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ടിക്കറ്റ് ബുക്കിങ്ങിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആദ്യ ദിവസങ്ങളിലെ പല ക്ലാസുകളിലും ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!