രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചണ്ഡീഗഡ് : രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരു മോക്ക് പാര്‍ലമെന്റില്‍ ഇരിക്കട്ടെ എന്ന് അമിത് ഷാ പരിഹസിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച റാലിയുടെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രി പദത്തിലെത്താന്‍ അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ക്ക് പ്രധാനമന്ത്രിയാകണമെ ന്നുണ്ടെങ്കില്‍, ജീവിതകാലം മുഴുവന്‍ ‘മോക്ക് പാര്‍ലമെന്റില്‍’ ഇരുന്നോളൂ; നിങ്ങളുടെ ഊഴം ഒരിക്കലും വരില്ല,’ അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച്‌ ചെയ്യാനാണ് ഇന്ത്യാ സഖ്യം മോക്ക് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത്. രാഹുല്‍ ഗാന്ധി ഉയര്‍ത്താറുള്ള സ്‌നേഹത്തിന്റെ കട എന്ന മുദ്രാവാക്യത്തെയും അമിത് ഷാ പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ ഈ സ്‌നേഹത്തിന്റെ കടയില്‍ നിന്ന് ആളുകള്‍ക്ക് വെറുപ്പ് മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഡില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട നവംബര്‍ 1-ാം തീയതിയില്‍ പരിപാടി സംഘടിപ്പിച്ചതിലൂടെ കോണ്‍ഗ്രസ് സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വലിയ മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും’ എന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമര്‍ശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ തീയതിയില്‍ റാലി സംഘടിപ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കലാപ ഇരകളുടെ മുറിവില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമാണെന്ന് അമിത് ഷാ പറഞ്ഞു.

ഈ തീയതികളില്‍ പരിപാടി നടത്തരുതെന്ന് ബിജെപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, അവര്‍ അതില്‍ ഉറച്ചുനിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. റാലിയുമായി മുന്നോട്ട് പോകാന്‍ വിദേശത്തുനിന്നാണ് നിര്‍ദ്ദേശങ്ങള്‍ വന്നത്. ഇന്ത്യയ്ക്കും പഞ്ചാബിനും ഇത് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. കലാപക്കേസുകള്‍ വീണ്ടും തുറക്കുകയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്തത് ബിജെപിയാണെന്ന് അമിത് ഷാ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!