ശബരിമലയിൽ സ്വർണ്ണപ്പാളികളുടെ SIT പരിശോധന പൂർത്തിയായി… സ്വർണ്ണപ്പാളികൾ പുന:സ്ഥാപിച്ച ശേഷം സംഘം മടങ്ങും

ശബരിമല സന്നിധാനത്ത് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധന പൂർത്തിയായി. പരിശോധനകൾക്കായി ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ യഥാസ്ഥാനത്ത് പുനസ്ഥാപിച്ച ശേഷം എസ്.ഐ.ടി സംഘം സന്നിധാനത്തു നിന്നും മടങ്ങും. പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി.

ശ്രീകോവിലിനുള്ളിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുമാണ് എസ്.ഐ.ടി സംഘം പ്രധാനമായും പരിശോധിച്ചത്. ഇതിൽ പ്രഭാമണ്ഡലത്തിൽ നിന്നടക്കം കൂടുതൽ സാമ്പിളുകൾ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.

2025-ലെ ഇടപാടുകളും സ്വർണ്ണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൃത്യമായി അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ നിർണായക നീക്കം.

കൂടുതൽ തെളിവുകളും സാമ്പിളുകളും ശേഖരിക്കുന്നതിനായാണ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്.മിഥുനമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരമാണ് ശബരിമല നട തുറന്നത്. പൂജകൾ തടസ്സപ്പെടാത്ത രീതിയിലായിരുന്നു കോടതി നിർദ്ദേശപ്രകാരമുള്ള വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന. സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളിൽ വ്യക്തത വരികയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!