ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെട്ടു… ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. ‘മുറസു’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ആണിത്. ഇന്ത്യയാണ് പേര് നിര്‍ദ്ദേശിച്ചത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണി വരെയുള്ള സമയത്ത് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മാറി പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും അടുത്ത 2-3 ദിവസം കേരളത്തില്‍ പലയിടങ്ങളിലായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!