യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍…

കൊച്ചി: യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. മാതാപിതാക്കളുടെ വിഷമം കണ്ട് സമയോചിതമായി ഇടപെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ വിപിഎസ് ലേക് ഷോറില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് കുഞ്ഞിന് അസുഖം കൂടിയത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസില്‍ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ സമയോചിതമായി ഇടപെട്ടു. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവര്‍ പ്രേമന്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് കുതിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഉടന്‍ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടര്‍ചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബസില്‍ വെച്ച് വലിയ തോതില്‍ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനില്‍ക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായെന്നും അച്ഛന്‍ പറഞ്ഞു. അതുകണ്ട് തങ്ങള്‍ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവര്‍ ഉടന്‍ ഒരു താക്കോല്‍ കുഞ്ഞിന്റെ കൈയില്‍ പിടിപ്പിച്ചു. ബസുകാര്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം.

കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോള്‍ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടന്‍ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കണ്ടക്ടര്‍ സുനില്‍ പ്രതികരിച്ചു. ഉടന്‍ ഡ്രൈവറോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് വരികയായിരുന്നു. ഇവിടെയെത്തി ആവശ്യമായ ചികിത്സ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുണ്ടന്നൂര്‍ പിന്നിട്ട് വൈറ്റിലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവമെന്നും ഉടന്‍ അടുത്ത യുടേണില്‍ ബസ് തിരിച്ച് അടുത്തുള്ള വിപിഎസ് ലേക്ഷോര്‍ ലക്ഷ്യമാക്കി പോരുകയായിരുന്നുവെന്ന് ഡ്രൈവര്‍ പ്രേമന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!