November 1, 2026
കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതാണെന്ന് പറഞ്ഞ് ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവും കാമുകിയും ലഹരിമരുന്നുമായി പിടിയിൽ. കോഴിക്കോട് കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി നൻമണ്ട സ്വദേശി കെ.എസ്. അനന്ദു (26), പുതിയാപ്പ സ്വദേശി ടി. കീർത്തന (21) എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും 11,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.കക്കുഴിപ്പാലത്ത് ഷിജി എന്നയാളുടെ വീടിന്റെ താഴത്തെ നിലയാണ് ഹോം സ്റ്റേയായി പ്രവർത്തിക്കുന്നത്. മുകൾനിലയിൽ വീട്ടുടമയും കുടുംബവുമാണ് താമസം.
ഇന്നലെ ഉച്ചയോടെ എത്തിയ യുവാവും യുവതിയും സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി വന്നതാണെന്ന് പറഞ്ഞാണ് താമസസൗകര്യം ആവശ്യപ്പെട്ടത്. തിരിച്ചറിയൽ രേഖകൾ വാങ്ങിയശേഷം 4,500 രൂപ അഡ്വാൻസ് സ്വീകരിച്ച് വീട്ടുടമ മുറികൾ നൽകി.വൈകുന്നേരം മുറിയിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യം അറിയിക്കാൻ വീട്ടുടമ എത്തിയപ്പോഴാണ് സംശയങ്ങൾ തുടങ്ങിയത്. പലതവണ വാതിലിൽ മുട്ടിയിട്ടും അകത്തുനിന്ന് ആരും പ്രതികരിച്ചില്ല. തുടർച്ചയായ ശ്രമങ്ങൾക്കും ഫലമില്ലാതായതോടെ പരിഭ്രാന്തരായ വീട്ടുകാർ 112 എന്ന പൊലീസ് സഹായ നമ്പറിൽ ബന്ധപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആദ്യം വീട്ടുടമയിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പലതവണ വാതിലിലും ജനലിലും തട്ടിയശേഷമാണ് ഇരുവരും പുറത്തുവന്നത്. പൊലീസിനെ കണ്ടതോടെ പരിഭ്രാന്തരായ ഇവർ നൽകിയ മറുപടികളിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുറിയിലും ദേഹത്തും പരിശോധന നടത്തി.
ഇരുവരുടെയും പാന്റിന്റെ പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തി. മുറിയിൽനിന്ന് ലഹരിമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, 11,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. *ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കേസിൽ* അനന്ദുവിനെതിരെ നേരത്തെയും എം.ഡി.എം.എ വിൽപനയുമായി ബന്ധപ്പെട്ട കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് എട്ടിന് എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എം.കെ. ക്വിക്ക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽനിന്ന് 5.890 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും വിൽപനയ്ക്കായി സൂക്ഷിച്ച 16.16 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതുമായി ബന്ധപ്പെട്ട കേസ് അനന്ദുവിനെതിരെയുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനിടെയാണ് ഇപ്പോൾ കാമുകിക്കൊപ്പം പിടിയിലായത്.
