പത്തനംതിട്ട : മൈലപ്രയിൽ മലഞ്ചരക്ക് വ്യാപാരിയെ സ്വന്തം കടയ്‌ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മൈലപ്ര പോസ്‌റ്റ് ഓഫീസ് ജങ്‌ഷനില്‍ പുതുവേലില്‍ സ്‌റ്റോഴ്‌സ് നടത്തുന്ന മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി(73)യാണ് കൊല്ലപ്പെട്ടത്.
കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണിതിരുകിയ നിലയിലും ആയിരുന്നു മൃതദേഹം. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
തിരക്കേറിയ സംസ്ഥാനപാതയുടെ വശത്തു പട്ടാപ്പകല്‍ നടന്ന കൊലപാതകം പോലീസിനെപ്പോലും ഞെട്ടിച്ചു. ഇന്നലെ വൈകിട്ട് ആറോടെ ചെറുമകന്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ജോര്‍ജ് ബന്ധനസ്ഥനായി മരിച്ചുകിടക്കുന്നതു കണ്ടത്.
ജോര്‍ജിന്റെ കഴുത്തിലെ ആറു പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവും സി.സി. ടിവിയുടെ ഹാര്‍ഡ് ഡിസ്‌കും നഷ്‌ടപ്പെട്ടു. പ്രൊഫഷണല്‍ മോഷ്‌ടാക്കളാണു കൊലപാതകത്തിനും കവര്‍ച്ചയ്‌ക്കും പിന്നിലെന്നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു.
നേരം ഇരുട്ടിയതിനാല്‍ മൃതദേഹം സംഭവസ്‌ഥലത്തുതന്നെ ശക്‌തമായ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹവും സ്‌ഥലവും ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം ഇന്നു പരിശോധിക്കും. ഒന്നിലധികം പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് കൃത്യം നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക നിഗമനം. കടയുടെ ഉള്ളില്‍ ധാരാളം സ്‌ഥലമുണ്ട്. വില്‍ക്കാനുള്ള സാധനങ്ങള്‍ മുന്നില്‍ നിരത്തി വച്ചിരിക്കുകയാണ്. കടയ്‌ക്കുള്ളില്‍ നടക്കുന്നതു പുറത്തുനില്‍ക്കുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയില്ല.
ജോര്‍ജിന്റെ ഭാര്യ അന്നമ്മ. മക്കള്‍: സുരേഷ് ജോര്‍ജ്, ഷാജി ജോര്‍ജ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ സുരേഷിനൊപ്പമാണ് ജോര്‍ജും ഭാര്യയും കഴിഞ്ഞിരുന്നത്. ഇളയമകന്‍ ഷാജി ജോര്‍ജ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്.