സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; നിരവധി പുരുഷന്മാരിൽ നിന്നായി യുവതി തട്ടിയെടുത്തത് കോടികൾ

പ്രയാഗ്‌രാജ്: പുരുഷന്മാരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് അന്വേഷണം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പല്ലവി സിംഗ് രജ്പുത് എന്ന യുവതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് യുവതി ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നത്.

ടിൻഡർ ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. അടുപ്പം വർധിച്ചതിന് പിന്നാലെ നേരിട്ടുള്ള കൂടിക്കാഴ്‌ചകളിൽ ഇവരുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളും രഹസ്യമായി പകർത്തും. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുക ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.

ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് ആരോപണം

ഇത്തരത്തിൽ നിരവധി യുവാക്കളിൽനിന്നായി ആറ് കോടിയിലധികം രൂപ പല്ലവി തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം. പണം നൽകാൻ വിസമ്മതിച്ചവരെ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഇത്തരത്തിൽ വ്യാജപരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ ജയിലിലടച്ചതായും പരാതിയിൽ ആരോപണമുണ്ട്. ‘സ്വീറ്റി തിവാരി’ എന്ന പേരിലും യുവതി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.

സംഘത്തിൽ കൂടുതൽ പേർ?

പല്ലവിക്ക് പുറമെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കട്ടിലിൽ നിരത്തിവച്ച പണക്കെട്ടുകളുടെയും യുവതി ആയുധവുമായി നിൽക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രങ്ങളുടെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!