ചങ്ങല കെട്ടിയിട്ടത് കടന്നൽക്കൂടിന് സമീപം; പറവൂരിൽ കടന്നലാക്രമണത്തിൽ ആനയ്ക്കും പാപ്പാനും…

പറവൂർ : പെരുവാരം മഹാദേവക്ഷേത്രത്തിന് സമീപം മരത്തിൽ തളച്ചിരുന്ന കൊമ്പന് നേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. തൃപ്പൂണിത്തുറയിലെ ശീവേലി എഴുന്നള്ളത്തിനു ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്ന ‘എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദ്’ എന്ന ആനയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയായിരുന്നു സംഭവം.

തൃപ്പൂണിത്തുറയിൽ ശീവേലിയിൽ പങ്കെടുത്ത് തൃശൂരിലേക്കുമടങ്ങുന്ന വഴിയാണ് പാപ്പാന്മാർ ആനയെ പെരുവാരം വടക്കേ നടയിലെ പറമ്പിലുള്ള മരത്തിൽ തളച്ചത്. പിന്നാലെ, മരത്തിലുണ്ടായിരുന്ന കടന്നൽകൂട്ടം ഒന്നിച്ചിളകി ആനയെ പൊതിഞ്ഞു കുത്തുകയായിരുന്നു. കാടു പിടിച്ചു കിടന്ന പറമ്പിൽ മരത്തിന്റെ അടിഭാഗത്തെ പൊത്തിലായിരുന്നു കടന്നൽ കൂടുകൂട്ടിയിരുന്നത്. ഇതുശ്രദ്ധയിൽ പെടാതെ ചങ്ങല ആ ഭാഗത്താണു കെട്ടിയത്. അതോടെ കടന്നൽ കൂട്ടംഒന്നാകെ ഇളകി ആനയെ അക്രമിക്കുകയായിരുന്നു.

ശരീരമാസകലം കടന്നൽ കുത്തേറ്റ ആന വേദനകൊണ്ട് പുളഞ്ഞു. ശരീരമാസകലം കുടഞ്ഞും വട്ടം കറങ്ങിയും കടന്നലുകളെ തുരത്താൻ ആന പലവട്ടം ശ്രമിച്ചു. ഒന്നാം പാപ്പാൻ പായിപ്പാട്ട് ബിജിയുൾപ്പെടെയുള്ള പാപ്പാന്മാർക്കും കടന്നലിന്റെ കുത്തേറ്റു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി ആനയുടെ ദേഹത്ത് ഏറെ നേരം വെള്ളം ചീറ്റിച്ചാണ് കടന്നൽ കൂട്ടത്തെ ഓടിച്ചത്.

കടന്നലുകൾ പൂർണമായി ഒഴിഞ്ഞശേഷം മറ്റൊരിടത്തേയ്ക്ക് ആനയെ മാറ്റിക്കെട്ടി. വെറ്റിനററി ഡോക്ടർ എത്തി ആനയ്ക്ക് മരുന്നുകൾ നൽകിയ ശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി. ആനയുടെ കൺതടത്തിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടന്നൽ കുത്തേറ്റ പാടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!