കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടൽ: തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് റെയിൽവേ…

തിരുവനന്തപുരം : കൊല്ലം-കോട്ടയം മെമു ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ മന്ത്രാലയം താല്‍ക്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി.

നിലവില്‍ കൊല്ലം-കോട്ടയം റൂട്ടില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്കു നീട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചതെന്നും എംപി അറിയിച്ചു.

നിലവിലുള്ള മെമു സര്‍വീസ് അതേപടി നിലനിര്‍ത്തിക്കൊണ്ട് യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനുള്ള ബദല്‍ സംവിധാനം പരിശോധിക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പുനല്‍കിയതായും എംപി അറിയിച്ചു.

*വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനായി പുതിയ ട്രെയിന്‍ അനുവദിക്കുന്നതിനു പകരം കൊല്ലം-കോട്ടയം മെമു എറണാകുളത്തേക്കു നീട്ടാന്‍ തീരുമാനമെടുത്തതാണു വിവാദമായത്.

*വൈകുന്നേരങ്ങളില്‍ കോട്ടയം ഭാഗത്തുനിന്ന് കൊല്ലത്തേക്കും കൊല്ലം ഭാഗത്തുനിന്നു വിവിധ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കു നിലവിലെ സമയക്രമത്തിലുള്ള മെമു സര്‍വീസ് വലിയ ആശ്രയമാണ്. ഈ ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടിയാല്‍ നിലവിലുള്ള യാത്രക്കാരുടെ യാത്രാസൗകര്യത്തെയും സമയക്രമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്.

വൈകുന്നേരങ്ങളില്‍ എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് വേണാട് എക്‌സ്പ്രസിനു മുന്‍പായി പുതിയൊരു ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!