എറണാകുളം : ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഹോട്ടൽ ഉടമയെയും, ജീവനക്കാരനെയും മർദ്ദിച്ചതായി പരാതി. എറണാകുളം തൃക്കാക്കരയിലാണ് സംഭവം. പരിക്കേറ്റ കടയുടമയെയും ഇദ്ദേഹത്തിൻ്റെ കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയും ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ മർദ്ദിച്ച മൂന്ന് പേരിൽ ഒരാൾ പിടിയിലായതായാണ് വിവരം.
എറണാകുളം എൻജിഒ ക്വാർട്ടേർസ് ജങ്ഷന് സമീപം ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം. ഇവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന മൂന്ന് ചെറുപ്പക്കാരാണ് അക്രമം നടത്തിയത്. ഇവർ ഇൻഫോപാർക്കിന് സമീപത്തെ ഒരു ഷവർമ കമ്പനിയിലെ ജീവനക്കാരാണെന്നാണ് വിവരം. ഇവരുടെ സ്വദേശം വ്യക്തമല്ല.
ഭക്ഷണം കഴിച്ച ശേഷം ഇവർ പണം നൽകാതെ മുങ്ങുന്നത് പതിവാണെന്ന് കടയുടമ പറയുന്നു. ഇന്നലെ രാത്രി ഇവർ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ കടയുടമ ഇവരോട് ചോദിച്ചു. കടയുടമയും ചെറുപ്പക്കാരും സംസാരിച്ചുനിൽക്കെ, ഇവരിലൊരാൾ കടയുടെ അകത്തേക്ക് വന്ന് കടയിൽ ചായ അടിച്ചുകൊണ്ടിരുന്ന ജീവനക്കാരനെ മർദ്ദി ക്കുകയായിരുന്നു. പിന്നാലെ സ്ഥലത്ത് കൂട്ടയടി നടന്നു.
കടയുടമയ്ക്കും ജീവനക്കാരനും ക്രൂര മർദനമേറ്റത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. പ്രതികളിൽ പിടിയിലായ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
