ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യെമനിലെ ഏദൻ വിമാനത്താവളത്തിൽ സൗദി സഖ്യസേനയ്ക്കായി ആയുധങ്ങളുമായി എത്തിയ സൈനിക ചരക്കുവിമാനത്തെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം. വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന് മുമ്പ് യാത്രക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്.സൗദി അറേബ്യയിലെ തായിഫ് നഗരത്തിനു നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൗദി അധികൃതർ അറിയിച്ചു.
അതേസമയം, യെമനിലെ ജൗഫ് പ്രവിശ്യയിൽ ഹസം പട്ടണത്തിലെ പെട്രോൾ പമ്പിനു നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അവകാശപ്പെട്ടു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളും നിയന്ത്രണങ്ങൾ നേരിടുകയാണ്. റിയാദ്, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
അതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള പുതിയ സമാധാന നിർദേശങ്ങളുമായി ഖത്തർ രംഗത്തെത്തി. മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി നിർദേശങ്ങളുടെ കരട് ഇറാനു കൈമാറിയതായാണ് റിപ്പോർട്ട്.
