ന്യൂയോർക്ക്: ലോക ഫുട്ബോൾ കാത്തിരിക്കുന്ന അർജൻ്റീന-സ്പെയിൻ ലോകകപ്പ് ഫൈനലിന്റെ വിധികർത്താവായി സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തെരഞ്ഞെടുത്തു. ഫിഫയുടെ തീരുമാനം വലിയ ശ്രദ്ധ നേടിയെങ്കിലും, വിൻസിക്കിന്റെ മുൻകാല റഫറിയിങ് അനുഭവങ്ങളിൽ ചിലത് അർജന്റീനയ്ക്ക് മധുരമുള്ള ഓർമകളല്ല എന്നത് അർജൻ്റിന ആരാധകർക്കിടയിൽ ചെറിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ വിൻസിക്കിന്റെ ഓരോ തീരുമാനവും നിർണായകമാകും. ലോകകപ്പ് പോലൊരു വേദിയിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വലിയ കരുത്താണെങ്കിലും, ഇരുടീമുകളുടെയും ആരാധകർ അദ്ദേഹത്തിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നുറപ്പ്.
അർജന്റീന ആരാധകരുടെ ആശങ്കയ്ക്ക് പ്രധാന കാരണം 2022 ഖത്തർ ലോകകപ്പിലെ ഒരു മത്സരമാണ്. അന്ന് അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ചുമതല വിൻസിക്കിനായിരുന്നു.
ആ മത്സരത്തിൽ എട്ടാം മിനിറ്റിൽ അർജന്റീനയ്ക്ക് പെനാൽറ്റി അനുവദിച്ചത് വിൻസിക്കിന്റെ തീരുമാനമായിരുന്നു. ലയണൽ മെസി അത് ഗോളാക്കി മാറ്റുകയും ചെയ്തു. സൗദി താരങ്ങൾക്ക് ആറ് മഞ്ഞക്കാർഡുകളും അദ്ദേഹം പുറത്തെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ സൗദി അറേബ്യ നടത്തിയ അപ്രതീക്ഷിത തിരിച്ചുവരവിൽ അർജന്റീന 1-2ന് തോൽക്കുകയായിരുന്നു.
വിൻസിക് നിയന്ത്രിച്ച മത്സരത്തിൽ അർജന്റീന നേരിട്ട ഏക തോൽവിയും ഇതുതന്നെയാണ്.
അതേസമയം, സ്പെയിനിന്റെ കാര്യത്തിൽ വിൻസിക്കിന്റെ മുൻകാല റെക്കോർഡ് കൂടുതൽ ആശ്വാസകരമാണ്. സ്പെയിനിന്റെ നിരവധി പ്രധാന മത്സരങ്ങളിൽ അദ്ദേഹം റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്.
2017-ലെ കൊളംബിയക്കെതിരായ സൗഹൃദ മത്സരം, യൂറോ 2020-ലെ സ്വീഡനെതിരായ മത്സരം, 2023-ലെ യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ എന്നിവയിൽ വിൻസിക് ആയിരുന്നു മധ്യസ്ഥൻ. യുവതാരം ലമീൻ യമാൽ ടീമിലെ നിർണായക താരമായി മാറിയ ശേഷം നടന്ന യൂറോ 2024 മത്സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇറ്റലിക്കെതിരായ സ്പെയിനിന്റെ 1-0 വിജയത്തിലും ഫ്രാൻസിനെതിരായ സെമിഫൈനലിലും വിൻസിക് തന്നെയായിരുന്നു റഫറി. അതുകൊണ്ടുതന്നെ സ്പെയിൻ ആരാധകർക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ കൂടുതൽ പോസിറ്റീവാണ്.
നിലവിലെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളാണ് വിൻസിക് നിയന്ത്രിച്ചത്. മെക്സിക്കോ–ഇക്വഡോർ മത്സരത്തിൽ ഇക്വഡോർ താരം പിയറോ ഹിൻകാപ്പിക്ക് ചുവപ്പ് കാർഡ് നൽകിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
അതുകൊണ്ടുതന്നെ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്ന ഫൈനലിൽ വിൻസിക്കിന്റെ ഓരോ വിസിൽ തീരുമാനവും ലോകത്തിന്റെ ശ്രദ്ധയിൽപ്പെടും. ഒരു തെറ്റായ തീരുമാനം പോലും മത്സരത്തിന്റെ ഗതി മാറ്റാൻ സാധ്യതയുള്ളതിനാൽ, സ്ലോവേനിയൻ റഫറിയുടെ പ്രകടനം ഫൈനലിലെ പ്രധാന ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
