ഇസ്രയേലിൽ അധികാരപ്പോര് മുറുകുന്നു; നെതന്യാഹുവിനെ വീഴ്ത്താൻ അറബ് പാർട്ടികളുടെ പിന്തുണ തേടി പ്രതിപക്ഷം

ജറുസലം: ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങളിൽ അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയെ സ്ഥാനത്തുനിന്ന് നീക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കണ്ടെത്താനും പ്രതിപക്ഷം അറബ് ജോയിന്റ് ലിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ട്. ജോയിന്റ് ലിസ്റ്റിലെ പ്രധാന കക്ഷിയായ തആലിന്റെ നേതാവ് അഹമ്മദ് തിബിയാണ് ഇക്കാര്യം അൽ ജസീറയോട് വെളിപ്പെടുത്തിയത്. ഇടക്കാല കണക്കുകൾ പ്രകാരം തആലിന് 12 സീറ്റും സഖ്യത്തിലെ മറ്റൊരു പാർട്ടിയായ റആമിന് ഏഴ് സീറ്റുമുണ്ട്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, അറബ് പാർട്ടികളുടെ പിന്തുണ അധികാര സമവാക്യങ്ങളിൽ നിർണായകമായേക്കും.

ജൂതപാർട്ടികളും അറബ് കക്ഷികളും തമ്മിലുള്ള സഹകരണത്തിലൂടെ ഇസ്രയേലിൽ രാഷ്ട്രീയ മാറ്റം സാധ്യമാക്കണമെന്ന ആവശ്യവുമായി പലസ്തീൻ–ജൂത ആക്ടിവിസ്റ്റ് കൂട്ടായ്മയായ സ്റ്റാൻഡിങ് ടുഗെതറും രംഗത്തെത്തിയിട്ടുണ്ട്. അറബ് പാർട്ടികളുമായി സഹകരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിനുള്ളിൽ തന്നെ വ്യത്യസ്ത നിലപാടുകളുള്ള സാഹചര്യത്തിൽ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്. അറബ് വിരുദ്ധ നിലപാടുകളുള്ള ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷസഖ്യം ജോയിന്റ് ലിസ്റ്റിനെ സമീപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. അറബ് പാർട്ടികളുമായി കൈകോർക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തൽ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം പുതിയ സഖ്യസാധ്യതകൾക്ക് വഴിതുറക്കുകയാണ്.

നെതന്യാഹു സർക്കാരിനെ ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കിയെന്ന അവകാശവാദവുമായി ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യയ്ർ ഗോലാനും രംഗത്തെത്തി. ലേബർ പാർട്ടിയും ഇടതുപക്ഷ പാർട്ടിയായ മെറെറ്റ്സും ലയിച്ചാണ് 2024ൽ ഡെമോക്രാറ്റ്സ് രൂപീകരിച്ചത്.

അതേസമയം, അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിനെ പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലീബർമാൻ എതിർക്കുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യയ്ർ ലപീദും നയിക്കുന്ന ടുഗെതർ പാർട്ടിയുടെ നിലപാടും നിർണായകമാകും.തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത്, സഖ്യചർച്ചകളിലൂടെ സർക്കാർ രൂപീകരിക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്നും പ്രസിഡന്റ് ഇസാക് ഹെർസോഗ് പാർട്ടികളോട് ആവശ്യപ്പെട്ടു.

സഖ്യങ്ങൾ തകരുകയും സർക്കാരുകൾക്ക് അധികാരം നഷ്ടമാകുകയും ചെയ്തതോടെ 2019നുശേഷം രാജ്യം ആറാമത്തെ തിരഞ്ഞെടുപ്പിനെയാണ് അഭിമുഖീകരിക്കുന്നത്. പ്രത്യേക വോട്ടുകളുടെ എണ്ണൽ പൂർത്തിയാകാത്തതാണ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകാൻ കാരണം. നഴ്സുമാർ, നയതന്ത്ര പ്രതിനിധികൾ, സൈനികർ തുടങ്ങിയവർ പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്താതെ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡബിൾ എൻവലപ് വോട്ടുകൾ എന്നറിയപ്പെടുന്നത്. ഇവർ മറ്റൊരിടത്ത് വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വോട്ടുകൾ എണ്ണുന്നത്.

ആദ്യം ആറുലക്ഷത്തോളം പ്രത്യേക വോട്ടുകൾ എണ്ണാനുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ 4.8 ലക്ഷം വോട്ടുകൾ കൂടി എണ്ണാനുണ്ടെന്നാണ് വിവരം. ഇവയുടെ എണ്ണൽ പൂർത്തിയാക്കിയശേഷം നവംബർ നാലിന് ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. ഫലം പ്രസിദ്ധീകരിച്ചാൽ നവംബർ 18 വരെ പാർട്ടികൾക്ക് അപ്പീൽ നൽകാം.

പ്രത്യേക വോട്ടുകളുടെ ഫലം കൂടി പുറത്തുവരുന്നതോടെ പാർലമെന്റിലെ കക്ഷിനിലയിൽ മാറ്റമുണ്ടാകുമോയെന്നും അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷത്തിന് അധികാരത്തിലേക്കുള്ള വഴി തുറക്കാനാകുമോയെന്നുമാണ് ഇനി ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!