കോഴിക്കോട് : സംസ്ഥാന കായിക മേളയിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി എന്ന ആരോപണവുമായി രംഗത്തെത്തിയ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ പെരുമ്പാവൂർ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകൻ ജിജോ ജെയിംസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും, സാമ്പാറിൽ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നുമാണ് ഇയാൾക്കെതിരായ എഫ്‌ഐആറിൽ പറയുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറിൽ പുഴുവെന്ന ആരോപണം ഉയർന്നത്. സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ അധ്യാപകൻ ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നൽകിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അധ്യാപകന്റെ ആരോപണത്തെ തള്ളി വിദ്യാഭ്യാസ മന്ത്രിയും ഇന്നലെ രംഗത്തുവന്നിരുന്നു. സ്‌കൂൾ കായികമേളയെ തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നായിരുന്നു വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കടുത്ത രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നും, മേളയ്ക്കിടയിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത് ആസൂത്രിതമായ നാടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ ഭക്ഷണം കേമമാക്കിയെന്നും മന്ത്രി പറഞ്ഞു.
