ന്യൂയോർക്ക് : കൗമാരപ്രായത്തിൽ പിതാവ് സിറിയയിലെത്തിച്ച് ഐഎസ് ഭീകരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച ഹലീമ സൽമാൻ ഭീകരസംഘടനയിൽനിന്ന് ആയുധപരിശീലനം നേടിയ കേസിൽ കുറ്റക്കാരിയെന്ന് യുഎസ് കോടതി.
കുറ്റം തെളിഞ്ഞതോടെ യുഎസ് പൗരയായ ഹലീമയ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് അടുത്ത ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. വിധി കേട്ടതോടെ ഹലീമയും അമ്മയും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. 2017-ൽ 17 വയസ്സുള്ളപ്പോഴാണ് ഹലീമയുടെ ജീവിതം വഴിത്തിരിവിലെത്തിയത്. തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനെന്നു പറഞ്ഞ് പിതാവ് കുടുംബത്തെ കൊണ്ടുപോയെങ്കിലും പിന്നീട് ഇവർ സിറിയയിലെത്തുകയായിരുന്നു.
അവിടെ ഐഎസ് ഭീകരനുമായി ഹലീമയുടെ വിവാഹം നടന്നു. 2019-ൽ സിറിയയിലെ ബാഗൂസിൽവച്ച് ഐഎസ് വിരുദ്ധ സേന ഹലീമയെ കസ്റ്റഡിയിലെടുത്തു. 2024-ൽ ന്യൂയോർക്കിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഐഎസിനോട് ഹലീമയ്ക്ക് കൂറുണ്ടായിരുന്നുവെന്നും സംഘടനയുടെ പ്രവർത്തനങ്ങളിൽ സ്വമേധയാ പങ്കെടുത്തിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. റൈഫിൾ കൈവശം വച്ചിരിക്കുന്ന ഹലീമയുടെ ദൃശ്യങ്ങളും ഐഎസ് പതാകയ്ക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളും ഭർത്താവിന് അയച്ച സന്ദേശങ്ങളും കോടതിയിൽ തെളിവായി ഹാജരാക്കി.
ആയുധം ഉപയോഗിക്കാൻ ഹലീമ പരിശീലനം നേടിയിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.ക്രോസ് വിസ്താരത്തിനിടെ ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള ഒരു ഗാനം ഭർത്താവിന് അയച്ചുകൊടുത്തിരുന്നതായി ഹലീമ സമ്മതിച്ചു. എന്നാൽ ഭർത്താവിന്റെ നിർദേശത്തെ തുടർന്നാണ് താൻ തോക്ക് കൈവശം വച്ചതെന്നായിരുന്നു അവരുടെ വിശദീകരണം.
താൻ ഐഎസിൽ ചേരാൻ സ്വമേധയാ തീരുമാനിച്ചതല്ലെന്നും പിതാവും പിന്നീട് ഭർത്താവും തന്നെ നിർബന്ധിത സാഹചര്യത്തിലേക്ക് തള്ളിവിടുകയായി രുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ബ്രൂക്ലിനിൽ ജനിച്ചുവളർന്ന തനിക്ക് 2017-ൽ പിതാവ് കുടുംബത്തെ സിറിയയിലേക്ക് കൊണ്ടുപോകുകയാണെന്ന് അറിയില്ലായിരുന്നുവെന്ന് ഹലീമ കോടതിയിൽ പറഞ്ഞു.
തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനാണ് യാത്രയെന്നായിരുന്നു പിതാവ് അറിയിച്ചിരുന്നത്. എന്നാൽ യാത്രയ്ക്കിടെ വാഹനം സിറിയയിലേക്ക് കടക്കുകയും മുഖംമൂടി ധരിച്ച സായുധർ തങ്ങളെ വളയുകയും ചെയ്തതോടെ ഭയത്തിലും ആശയക്കുഴപ്പത്തിലുമായെന്നും ഹലീമ മൊഴി നൽകി.ഭർത്താവിന്റെ നിർദേശങ്ങൾ അനുസരിക്കാൻ നിർബന്ധിതയായിരുന്നുവെന്നും അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ മരണം നേരിടേണ്ടിവരുമായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.
18-ാം വയസ്സിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തെന്നും വിവാഹമോചനത്തിനായി പലതവണ ശ്രമിച്ചെന്നും ഹലീമ അവകാശപ്പെട്ടു. സംഭവിച്ച കാര്യങ്ങൾക്ക് പിതാവിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. അതേസമയം, ഭീകരസംഘടനയ്ക്കൊപ്പം ചേർന്നതിന് ഹലീമ സൽമാൻ നിയമത്തിന് മുന്നിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതു ണ്ടെന്ന് ബ്രൂക്ലിനിലെ യുഎസ് അറ്റോർണി ജോസഫ് നോസെല്ല ജൂനിയർ പ്രസ്താവനയിൽ പറഞ്ഞു.
കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും അന്തിമ ശിക്ഷ ഫെബ്രുവരി രണ്ടിനാണ് പ്രഖ്യാപിക്കുക.
