ബെംഗളൂരു: മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി. യാത്രയ്ക്കിടെ മറ്റൊരു യാത്രക്കാരൻ പിന്തുടർന്ന് തന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നൽകി. ഇൻസ്റ്റാഗ്രാമിൽ കണ്ടന്റ് ക്രിയേറ്ററായ സൗപിക എന്ന യുവതിയാണ് തനിക്കുണ്ടായ മോശമായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ബെംഗളൂരു വൈറ്റ്ഫീൽഡ്-കാഡുഗോഡി റൂട്ടിൽ ചൊവ്വാഴ്ച വൈകീട്ട് 4:30-ഓടെയാണ് സംഭവം. യുവതിയും സുരക്ഷാ ജീവനക്കാരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചെങ്കിലും ഫോണുമായി ഇയാൾ ഓടിക്കളഞ്ഞു. ഇയാളുടെ ഫോൺ യുവതി പിടിച്ചുവെച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഫോൺ കൈക്കലാക്കി ഇയാൾ കടന്നു കളയുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളരെ വികാരഭരിതയായാണ് യുവതി തനിക്കുണ്ടായ സംഭവം വീഡിയോയിൽ വിവരിക്കുന്നത്. “ഞാൻ ശരിക്കും വിറയ്ക്കുകയാണ്. മെട്രോയിൽവെച്ച് എന്റെ വീഡിയോ രഹസ്യമായി പകർത്തിയയാളെ ഞാൻ കയ്യോടെ പിടികൂടി” എന്ന് പറഞ്ഞാണ് സൗപിക വീഡിയോ ആരംഭിക്കുന്നത്. താൻ ശരീരം പൂർണമായും മറയ്ക്കുന്ന രീതിയിലാണ് വസ്ത്രധാരണം നടത്തിയതെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സൗപിക യുവാവിനെ ചോദ്യംചെയ്യുകയും ഫോൺ അൺലോക്ക് ചെയ്ത് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതിന് യുവാവ് തയ്യാറാകാത്തതോടെ മെട്രോ സുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. തുടർന്ന് പ്രതിയുടെ ഫോൺ സുരക്ഷാ ജീവനക്കാരന് നൽകിയെങ്കിലും അയാൾ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അത് തട്ടിപ്പറിക്കാൻ ശ്രമിച്ചു.
ലിഫ്റ്റിൽവെച്ച് യുവാവ് യുവതിയോട് സോറി പറയുന്നതും “എന്റെ വീഡിയോ എടുത്തതിൽ മാപ്പ് പറയുകയാണോ?” എന്ന് യുവതി ചോദിക്കുന്നതും കാണാം. തുടർന്ന് താൻ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. തുടർന്ന് യുവാവ് ഫോൺ തട്ടിയെടുത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തിൽ ഉടൻ ഇടപെട്ടു. യുവതിയുടെ പരാതിയിൽ കാഡുഗോഡി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പുറത്തുവിട്ട മറ്റൊരു വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ തനിക്ക് പൂർണ പിന്തുണ നൽകിയെന്നും അന്വേഷണം ഊർജിതമാ ക്കിയിട്ടുണ്ടെന്നും യുവതി അറിയിച്ചു.
