ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയിൽ …

കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിന്റെ ഉടമയായ പിതാവിനെതിരേയും കേസെടുത്തതോടെയാണ് ജഡ്ജി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ജഡ്ജിയെ രണ്ടുതവണ ചോദ്യംചെയ്തു. കഴിഞ്ഞദിവസം പൊലീസ് സംഘം അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയും ചോദ്യംചെയ്തു.

അതിനിടെ, ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17-കാരൻ ബെൻസ് കാർ ഓടിക്കുന്നതിന്റെ മൂന്ന് വിഡിയോകൾ പൊലീസ് കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ നിർണായക തെളിവായേക്കും. വിഡിയോകളിൽ കാർ അമിതവേഗത്തിൽ ഓടിക്കുന്നതായി വ്യക്തമാകുന്നുണ്ടെന്നാണ് വിവരം.

അപകടവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വിവാദമായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ ബുധനാഴ്ച മാറ്റി. ആർ. നിശാന്തിനിയെ പുതിയ കമ്മിഷണറായി നിയമിച്ചു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, 17-കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടും പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!