കിഫ്ബി സർക്കാരിന്റെ നിയന്ത്രണത്തിൽ ആയിരിക്കും, ഒരു സാമ്രാജ്യവും അനുവദിക്കില്ല…

തിരുവനന്തപുരം: കിഫ്ബി സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ മാത്രമായിരിക്കുമെന്നും, ഒരു സാമ്രാജ്യം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ.

കിഫ്ബിയുടെ നിലവിലുള്ള എല്ലാ പ്രവൃത്തികളും തുടരുമെന്നും എന്നാൽ സാമ്പത്തിക ക്രമക്കേടുകളും ഇഷ്ടക്കാരെ കുത്തിനിറച്ചതുമായ നിയമനങ്ങളും കർശനമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം.31,761 കോടിയുടെ പ്രവൃത്തികൾ നിലവിലുണ്ട്. ഇതിൽ 27,000 കോടിയുടെ പ്രവൃത്തികളും ടെൻഡർ ചെയ്യാത്ത 4,000 കോടിയുടെ പ്രവൃത്തികളും ചെയ്യാനാണ് തീരുമാനം. എന്നാൽ ഉയർന്ന പലിശയ്ക്കാണ് മുൻ സർക്കാർ കടമെടുത്തതെന്നും നിലവിൽ 70,000 കോടിയുടെ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വായ്പാ പരിധിയിൽ നിന്ന് 12,000 കോടി രൂപ ഇതിനോടകം കുറഞ്ഞു. ധനവകുപ്പിനോ സർക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കി വെക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചീഫ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ വലിയ ശമ്പളത്തിൽ ആളുകളെ വെക്കുകയും ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയും ചെയ്തു. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ചയാണെന്നും ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പ്രധാന വികസനങ്ങളെല്ലാം കിഫ്ബി കൊണ്ടാണെന്ന വാദം തെറ്റാണെന്നും സിയാൽ, ഗോശ്രീ പാലം, കലൂർ സ്റ്റേഡിയം, ഇൻഫോപാർക്ക്, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പല പദ്ധതികൾക്കും മുൻ സർക്കാർ യാതൊരു അനുമതിയും ഇല്ലാതെ കല്ലിട്ടിരുന്നുവെന്നും കിഫ്ബി വിദഗ്ധ സമിതി റിപ്പോർട്ടിനെതിരായ LDF വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!