കൊച്ചി : വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽകൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുത്ത് എക്‌സൈസ് സംഘം.
അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട്ടുവീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നു മായിരുന്നു ആന്റോയുടെ മൊഴി.
ഈ പശ്ചാത്തലത്തിലാണ് ലില്ലിക്കുട്ടിയുടെ മൊഴിയെടുത്തത്.വീടും 36.25 സെന്റ് സ്ഥലവും ഈട് നൽകി പൊതുമേഖലാബാങ്കിൽനിന്ന് ആന്റോ എടുത്ത 13.57 കോടിരൂപയുടെ വായ്പ കുടിശ്ശികയായതോടെ ബാങ്ക് വസ്തു ലേലത്തിൽവെച്ചിരുന്നു. ലേലത്തിൽ പിടിച്ചത് ആന്റോയുടെ ഭാര്യാമാതാവായിരുന്നു.
കോടികൾ വിലമതിക്കുന്ന വസ്തു വെറും രണ്ടുകോടി രൂപയ്ക്കാണ് ആന്റോ ഭാര്യാമാതാവിന്റെ പേരിൽ തിരിച്ചുപിടിച്ചത്. വീട് ലേലത്തിൽ പിടിച്ചെങ്കിലും ഉടമസ്ഥാവകാശം ബാങ്ക് കൈമാറിയില്ലെന്നാണ് ലില്ലിക്കുട്ടി എക്‌സൈസിന് മൊഴി നൽകിയതെന്ന് അറിയുന്നു.
