അടൂർ : രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 47കാരന് 28 വർഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം തെക്കേക്കര സ്വദേശി നകുലനെയാണ് കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് ടി.യാണ് വിധി പ്രസ്താവിച്ചത്.
പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ നിയമസേവന അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. 2018 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ, പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത് ഈ വർഷം ആദ്യമാണ്.
സംഭവത്തിൽ അന്നത്തെ കൊടുമൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീലാൽ ചന്ദ്രശേഖറാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ശിക്ഷ അനുഭവിച്ചുവരുന്നയാളാണ് നകുലൻ.കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സാക്ഷിമൊഴികളും ഹാജരാക്കിയ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. കോടതിയിൽ ഹാജരായി.
