കാറും ബൈക്കും ഓടിച്ച് 16-കാരൻ, റീൽസായി ഇട്ടു; തൂക്കി പോലീസ്, രക്ഷകർത്താവിനെതിരെ കേസ്…

അടൂർ : പത്തനംതിട്ടയിൽ 16 വയസുകാരൻ കാറോടിച്ച് കൂട്ടുകാരുമൊത്ത് കറക്കം. ഒപ്പം റീൽസെടുക്കലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കലും. ഒടുവിൽ പോലീസ് പൊക്കിയതോടെ ലൈസൻസില്ലാതെ ബൈക്കും, കാറും ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ രക്ഷകർത്താവിനെതിരെ പോലീസ് കേസ്.

ഏഴംകുളം നെടുമൺ പാലമൂട്ടിൽ റജീന നൗഷാദി(52)നെതിരെയാണ് പോലീസ് കേസെടുത്തത്.ഇവരുടെ പേരിലുള്ള കാറും, കൊല്ലം പാതിരിക്കൽ രതീഷ് ഭവനിൽ രവീന്ദ്രൻ (65) എന്നയാളുടെ പേരിലുള്ള ബൈക്കും അടൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

ഈ ബൈക്ക് രവീന്ദ്രൻ കുറച്ചു നാളുകൾക്ക് മുൻപ് വിറ്റതാണെന്ന് പോലീസിനോട് പറഞ്ഞു. റജീനയുടെ പ്രായപൂർത്തിയാകാത്ത മകൻ കുറച്ചു നാളുകളായി കാറിൽ അടൂർ, കൊടുമൺ പ്രദേശങ്ങളിൽ കറങ്ങുന്നതായി ട്രാഫിക് എസ്.ഐ. ജി. സുരേഷ് കുമാറിന് വിവരം ലഭിച്ചിരുന്നു.

അടൂർ നഗരത്തിൽ തിരക്കുള്ള പല സമയങ്ങളിലും കുട്ടി കാറുമായി എത്താറുണ്ടായിരുന്നു. ഇതു കൂടാതെ കാർ ഓടിക്കുന്ന രംഗങ്ങൾ വീഡിയോയായി പകർത്തി സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ഇടുകയും ചെയ്തു. തുടർന്ന് പോലീസ് രണ്ടു ദിവസങ്ങളായി അടൂരിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഒന്നിന് പറക്കോട്-ഏഴംകുളം ഭാഗത്തുവെച്ച് പോലീസ് തിരയുന്ന കാർ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കാർ തടഞ്ഞു നിർത്തി. എന്നാൽ ഈ സമയം സ്ഥിരമായി കാർ ഓടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയല്ലായിരുന്നു കാർ ഓടിച്ചത്. അതേസമയം, കുട്ടിയുടെ കുറച്ച് സുഹൃത്തുക്കൾ കാറിലുണ്ടായിരുന്നു. നെടുമൺ സ്വദേശി ബേസിൽ എന്ന 18-കാരനാണ് ഈ സമയം കാറോടിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് കാർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.

കാറിന് തൊട്ടുപിന്നാലെ തന്നെ പോലീസ് തിരഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്കിൽ സ്ഥലത്തെത്തി. ഇതോടെ കാർ ഓടിച്ചയാളേയും പ്രായപൂർത്തിയാകാത്ത ആളേയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രായപൂർത്തിയാകാത്ത കുട്ടി കുറച്ചു നാളുകളായി പല വാഹനങ്ങൾ ഓടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ എല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 16-കാരനെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!