ന്യൂദൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരായ നടപടികൾ ശക്തമാക്കി മെറ്റ. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ കുറ്റവാളികളുടെ പുതിയ തന്ത്രങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽഎൽഎം), ‘റെഡ്-ടീമിംഗ്’ എഐ ഏജന്റുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ വിന്യസിച്ചതായി മെറ്റ അറിയിച്ചു.
പരസ്യങ്ങളിൽ മറച്ചുവെക്കുന്ന ദോഷകരമായ ലിങ്കുകളും ഇത്തരം പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന സൂചനകളും കണ്ടെത്താൻ പുതിയ സംവിധാനങ്ങൾക്ക് സാധിക്കും. ഇതുവഴി കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അക്കൗണ്ടുകൾക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാനാണ് മെറ്റയുടെ നീക്കം.
2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 53 ലക്ഷത്തോളം ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ വ്യക്തമാക്കി. ഇതിൽ 98 ശതമാനത്തിലധികവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ സംവിധാനങ്ങൾ കണ്ടെത്തിയതാണെന്നും മെറ്റയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ആഗോളതലത്തിൽ ഇതേ കാലയളവിൽ 3.32 കോടി ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും കമ്പനി അറിയിച്ചു. കുറ്റകരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി ഫോട്ടോഡിഎൻഎ, ഫോട്ടോ-വീഡിയോ മാച്ചിംഗ് സാങ്കേതികവിദ്യകളും മെറ്റ ഉപയോഗിക്കുന്നുണ്ട്.
‘നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ’, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) എന്നിവയുമായി സഹകരിച്ചും നിയമവിരുദ്ധമായ വിവരങ്ങൾ നിയമപാലക ഏജൻസികൾക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
യുവാക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്ന് മെറ്റ വ്യക്തമാക്കി.
