തിരുവനന്തപുരം : വീടിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ പലപ്പോഴും പുറത്തറിയാതെ പോകുന്നതാണ് പല അപകടങ്ങൾക്കും കാരണം. ഭയവും സമ്മർദവും കാരണം പരാതി നൽകാൻ പോലും കഴിയാതെ നിശബ്ദരായി കഴിയുന്നവരിലേക്കും നേരിട്ടെത്തി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി.
ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല നൽകിയിരിക്കുന്നത്. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഗാർഹിക അതിക്രമങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇവ തടയുന്നതിനായി പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
അതിക്രമം നേരിടുന്ന അതിജീവിതർക്ക് സുരക്ഷയും നിയമപരിരക്ഷയും ഉറപ്പാക്കുക എന്നതാണ് സേനയുടെ പ്രധാന ലക്ഷ്യം. പരാതി നൽകാൻ മടിക്കുന്നവരുടെ അടുത്തേക്ക് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ കേൾക്കുകയും ആവശ്യമായ നിയമസംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഇതിനായി ഔദ്യോഗിക യൂണിഫോമിലല്ലാതെ ഉദ്യോഗസ്ഥർ അതിജീവിതരെ സമീപിക്കുമെന്നതും പദ്ധതിയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ്.
അതിക്രമം നടന്നതിന് ശേഷം നടപടിയെടുക്കുന്നതിൽ കാലതാമസം ഉണ്ടാകാതിരിക്കാനും പ്രത്യേക സംവിധാനം ഒരുക്കും. ഗാർഹിക പീഡനത്തിന് സ്ത്രീകളെ ഇരയാക്കുന്നവർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിനൊപ്പം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കുക, പാസ്‌പോർട്ട് ലഭിക്കുന്നതിനെ തടയുന്ന നടപടികൾ സ്വീകരിക്കുക തുടങ്ങിയ നടപടികളിലേക്കും നീങ്ങുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.
