300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത…

ഹൈദരാബാദ് : 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നവംബർ 26-ന് ഹൈദരാബാദിലും നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് നഗരത്തിൽ പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) പേരിൽ എത്തിയ സന്ദേശത്തിൽ നഗരത്തിൽ ഇരട്ട ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നും കുറഞ്ഞത് 300 പേരെ വധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

കാച്ചിഗുഡ റെയിൽവേ സ്റ്റേഷൻ, കാച്ചിഗുഡയിലെ ഹോട്ടൽ ടൂറിസ്റ്റ് പ്ലാസ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി ഇ-മെയിലിൽ പരാമർശിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അടുത്തിടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിന്റെയും കൂട്ടാളികളുടെയും മരണത്തിന് പ്രതികാരമായാണ് ഈ ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു.

സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച ഭീഷണി സന്ദേശത്തെത്തുടർന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ മഹേഷ് മുരളീധർ ഭഗവതിന്റെ നേതൃത്വത്തിൽ നഗരത്തിലുടനീളം സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഭീഷണിയിൽ പരാമർശിച്ച റെയിൽവേ സ്റ്റേഷനിലും ഹോട്ടലിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വ്യാപകമായ പരിശോധനകൾ നടത്തി.

ഇതിനുപുറമെ നഗരത്തിലെ തിരക്കേറിയ പൊതുസ്ഥലങ്ങൾ, മറ്റ് റെയിൽവേ-ബസ് സ്റ്റേഷനുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണവും പോലീസ് വിന്യാസവും വർദ്ധിപ്പിച്ചിട്ടുണ്ട്.

സന്ദേശത്തിന്റെ ഉറവിടവും ആധികാരികതയും കണ്ടെത്തുന്നതിനായി സൈബർ ക്രൈം പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

പൊതുസ്ഥലങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കാണുകയോ ഉപേക്ഷിക്കപ്പെട്ട നിലയിൽ വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!