ന്യൂഡൽഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്ന പുതിയ അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസിന് നവംബർ 23ന് തുടക്കമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും സംയുക്തമായി ഓൺലൈൻ വഴി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
നേപ്പാളിലെ സീതാദേവിയുടെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന ജനക്പൂർ ധാമിനെയും ശ്രീരാമന്റെ ജന്മസ്ഥലമായി അറിയപ്പെടുന്ന അയോധ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്.
ഏകദേശം 604 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുക. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 17 കോച്ചുകളുള്ള ട്രെയിനിൽ എസി, സ്ലീപ്പർ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങളു ണ്ടാകും. ഇരുരാജ്യങ്ങളിലെയും തീർഥാടകർക്ക് ഏറെ പ്രയോജനകര മാകുന്ന ഈ സർവീസ് ഇന്ത്യ-നേപ്പാൾ സൗഹൃദത്തിലെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
ജനക്പൂർ ധാം–അയോധ്യ കാന്റ് പ്രതിവാര എക്സ്പ്രസ് എന്ന പേരിലാണ് സർവീസ് നടത്തുക. ലഭ്യമായ സമയക്രമം അനുസരിച്ച് 15595 നമ്പർ ട്രെയിൻ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 1.10ന് ജനക്പൂർ ധാമിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 2.10ന് ജയ്നഗറിലും വൈകിട്ട് 7ന് സീതാമർഹിയിലും രാത്രി 10.50ന് നർകട്ടിയാഗഞ്ചിലും എത്തും. തുടർന്ന് ഞായറാഴ്ച പുലർച്ചെ 3.55ന് ഗോരഖ്പൂരിലെത്തുന്ന ട്രെയിൻ രാവിലെ 8.10ന് അയോധ്യ കാന്റിൽ യാത്ര അവസാനിപ്പിക്കും.
മടക്കയാത്രയിൽ 15596 നമ്പർ ട്രെയിൻ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 5.50ന് അയോധ്യ കാന്റിൽ നിന്ന് പുറപ്പെടും. രാത്രി 10.13ന് ഗോരഖ്പൂരിലും പുലർച്ചെ 1.50ന് നർകട്ടിയാഗഞ്ചിലും 4.42ന് സീതാമർഹിയിലും എത്തും. ചൊവ്വാഴ്ച രാവിലെ 8.30ന് ജയ്നഗറിലെത്തുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.40ന് ജനക്പൂർ ധാമിൽ എത്തിച്ചേരും. മധുബനി, ശിഷോ, റക്സൗൾ, ബസ്തി, മങ്കാപൂർ, അയോധ്യ ധാം എന്നിവയാണ് മറ്റ് പ്രധാന സ്റ്റോപ്പുകൾ.
ഉദ്ഘാടന പ്രത്യേക സർവീസിന്റെ സമയവും പതിവ് വാണിജ്യ സർവീസിന്റെ സമയവും വ്യത്യസ്തമായിരിക്കാമെന്ന തിനാൽ യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക റെയിൽവേ അറിയിപ്പുകൾ പരിശോധിക്കേണ്ടതുണ്ട്.
പുതിയ ട്രെയിൻ സർവീസ് മതപരമായ വിനോദസഞ്ചാരത്തിന് പുറമെ ഇരുരാജ്യങ്ങളുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതുവരെ ജനക്പൂരിലേക്ക് ട്രെയിനിൽ പോകുന്ന പല യാത്രക്കാർക്കും ജയ്നഗറിൽ ഇറങ്ങി മറ്റൊരു ട്രെയിനിലേക്ക് മാറേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ സർവീസ് ഈ യാത്ര കൂടുതൽ എളുപ്പമാക്കും.
തീർഥാടകർക്ക് പുറമെ വിദ്യാഭ്യാസം, വ്യാപാരം, കുടുംബസന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഇത് പ്രയോജനപ്പെടും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വാഹനഗതാഗതം, കരകൗശല വസ്തുക്കളുടെ വ്യാപാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
രാമായണവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളെ റെയിൽവേ വഴി ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും അധികൃതർ വിലയിരുത്തുന്നു.
