ദോഹ : ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്‌ക്കെതിരെ പാകിസ്ഥാന്‍ എയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.2 ഓവറില്‍ 313 റണ്‍സിന് ഓള്‍ഔട്ടായി. ഹസന്‍ നവാസ് (79), മഅസ് സദാഖത്ത് (59), ഫര്‍ഹാന്‍ യൂസഫ് (56) എന്നിവര്‍ പാകിസ്ഥാനു വേണ്ടി അര്‍ധസെഞ്ച്വറി നേടി. 49 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണതോടെയാണ് പാകിസ്ഥാന്റെ റണ്‍നിരക്ക് താഴ്ന്നത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ ആക്രമണാത്മക ബാറ്റിങ്ങാണ് പാക് ഓപണര്‍മാര്‍ പുറത്തെടുത്തത്. ഷമൈല്‍ ഹുസൈനും മഅസ് സദാഖത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ടി20 ശൈലിയില്‍ ബാറ്റുവീശി, 23 പന്തില്‍ 33 റണ്‍സെടുത്ത ഷമൈലിനെ അയുഷ് ബദോനി പുറത്താക്കി. പിന്നാലെ റൗഹൈല്‍ നസീര്‍ റണ്‍സെടുക്കാതെ ഹര്‍ഷിത് റാണയുടെ പന്തില്‍ പുറത്തായി. തുടര്‍ന്ന് സദാഖത്തും ഹസന്‍ നവാസും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 59 റണ്‍സെടുത്ത മഅസ് സദാഖത്തിനെ സൂര്യാംശ് ഷെഡ്‌ഗെയാണ് പുറത്താക്കിയത്.
പിന്നീട് ഹസന്‍ നവാസും ഫര്‍ഹാന്‍ യൂസഫും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 79 റണ്‍സെടുത്ത ഹസന്‍ നവാസിന്റെയും 56 റണ്‍സെടുത്ത ഫര്‍ഹാന്‍ യൂസഫിന്റെയും പ്രകടനമാണ് പാകിസ്ഥാനെ 300 കടത്തിയത്. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചതോടെ പാകിസ്ഥാന്റെ ഇന്നിങ്‌സ് 49.2 ഓവറില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി പ്രിന്‍സ് യാദവ്, ഹര്‍ഷിത് റാണ, സൂര്യാംശ് ഷെഡ്‌ഗെ, വിപ്രജ് നിഗം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അയുഷ് ബദോനി ഒരു വിക്കറ്റ് നേടി.
നേപ്പാള്‍ എയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ 306 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവുമായാണ് ഇന്ത്യ എ ഈ മത്സരത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ തിലക് വര്‍മയും കുമാര്‍ കുശാഗ്രയും സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ 332 റണ്‍സെടുത്തിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 26 റണ്‍സിന് പുറത്തായി. പ്രിന്‍സ് യാദവ് അഞ്ച് വിക്കറ്റും ഹര്‍ഷിത് റാണ നാല് വിക്കറ്റും വീഴ്ത്തി. യുഎഇ എയ്‌ക്കെതിരെ 61 റണ്‍സിന്റെ വിജയവുമായാണ് പാകിസ്ഥാന്‍ എ ഇന്ത്യയെ നേരിടാനെത്തിയത്.
