ആയുർവേദ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ ഒരു കോടിയുടെ കവർച്ച; രണ്ട് വീട്ടു ജോലിക്കാരികൾ അറസ്റ്റിൽ.

തൃശൂർ : പേരാമംഗലത്ത് ആയുർവേദ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവും വജ്രാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ രണ്ട് വീട്ടുജോലിക്കാരികൾ അറസ്റ്റിൽ.

കുറ്റിമുക്ക് സ്വദേശി ടി എസ്. ഗീതു (35), മണ്ണുത്തി സ്വദേശി പ്രിയ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചു വർഷമായി ഡോക്ടർ ദമ്പതികളുടെ വീട്ടിൽ വിശ്വസ്തരായി ജോലി ചെയ്തിരുന്നവരാണ് പ്രതികൾ. വീട്ടുകാർ ലോക്കർ തുറക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ രഹസ്യമായി വീഡിയോ ചിത്രീകരിച്ച് ലോക്കറിന്റെ നമ്പർ മനസ്സിലാക്കിയായിരുന്നു മോഷണം.

2023 മുതൽ പലതവണകളിലായി ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണനാണയങ്ങളും വജ്രാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ചതായാണ് പൊലീസ് കണ്ടെത്തൽ.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ തൃശൂരിലെ വിവിധ സ്വർണപ്പണയ സ്ഥാപനങ്ങളിൽ വിറ്റഴിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 18 മാസത്തിനിടെ 70 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി.

പ്രതികളിലൊരാൾ 40 ലക്ഷം രൂപ ചെലവഴിച്ച് വീട് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മറ്റൊരു ജോലിക്കാരിക്ക് ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതാണ് മോഷണം പുറത്തുവരാൻ കാരണമായത്. ഇവർ വിവരം ഡോക്ടർ ദമ്പതികളെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!