ആർക്കാണ് ഉത്തരവാദിത്വം… പടുകുഴിയായ് ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റ്…

കോട്ടയം : ഏറ്റുമാനൂർ – പാറോലിക്കൽ റെയിൽവേ ഗേറ്റിന്റെ അപ്രോച്ച് റോഡ് മുതൽ ഗതാഗതയോഗ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായി. പരാതികൾ ഉയർന്നപ്പോൾ മൂന്ന് മാസം മുമ്പ് ലെവൽ ക്രോസ്സ് അടച്ചിട്ട് മെറ്റിൽ നിരത്തിയ ലെവൽ ക്രോസ്സാണ് ഇപ്പോൾ പൂർണ്ണമായും നശിച്ചത്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റിൽ നീങ്ങിമാറി വീണ്ടും കോൺക്രീറ്റ് ബ്ലോക്കുകളുമായുള്ള വിടവ് തെളിയുകയായിരുന്നു. അതുകൊണ്ട് വീണ്ടും മെറ്റിൽ നിരത്തുന്നത് ഇവിടെ പ്രായോഗികമല്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. നിലവിൽ അപകടകരമായ യാത്രയാണ് ഈ ലെവൽ ക്രോസിലുള്ളത്.

അതിരമ്പുഴയെയും സമീപ പ്രദേശങ്ങളെയും എം സി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്. കാരിത്താസ്, മാതാ പോലുള്ള ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന ജീവനക്കാരും മറ്റു ജോലിയാവശ്യങ്ങൾ ക്കായി യാത്ര ചെയ്യുന്നവരുമായി നിരവധിയാളുകളാണ് കുണ്ടും കുഴിയും ദുരിതവും പേറി പ്രതിദിനം ഇതിലെ കടന്നുപോകുന്നത്.

വിവിധ ആശുപത്രികളിൽ ചികിത്സ തേടി പോകുന്ന നിരവധി രോഗികൾ ഈ ലെവൽ ക്രോസ്സിൽ പെട്ട് പോകാറുണ്ട്. റെയിൽവേയുടെ ഓവർ ബ്രിഡ്ജ് ഇവിടെ വളരെ അനിവാര്യമാണ്. അതിനായി ജനപ്രതിനിധികളുടെ ഗൗരവമായ ഇടപെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

ലെവൽ ക്രോസ്സുകളിൽ മെറ്റിൽ നിരത്തുന്നത് പഴയ സമ്പ്രദായമാണ്.. പാളവുമായി സമാസമം ഇന്റർലോക്കുകൾ കൊണ്ട് ബന്ധിപ്പിച്ച് റബ്ബർ സ്ട്രാപ്പ് ഉപയോഗിച്ച് വിടവുകളില്ലാത്ത വിധം ഏറ്റവും ആധുനികമായ രീതിയിൽ റെയിൽവേ ഇന്ന് പലയിടത്തും ലെവൽ ക്രോസ്സുകൾ പൂർത്തീകരിച്ചിട്ടുണ്ട്.

ലെവൽ ക്രോസ്സുകളുടെ അറ്റകുറ്റപ്പണികൾ റെയിൽവേയുടെ ഉത്തരവാദിത്തമാണ്. അതിനായി റെയിൽവേ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇവിടെ ഇത് ഫലപ്രദമായി നടപ്പാക്കപ്പെടണമെങ്കിൽ എം പി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളുടെ കൃത്യമായ ഇടപെടൽ ആവശ്യമാണ്.

റോഡും റെയിൽവേ പാളവും ഒരേ നിരപ്പിൽ മുറിച്ചു കടക്കുന്ന ലെവൽ ക്രോസ്സ് ഇപ്പോൾ സകല ലെവലും തെറ്റി വേറൊരു ലെവലായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിലൂടെ ഇതിലെ കടന്നുപോകുന്നത് വലിയ പരീക്ഷണമാണ്. ഇത്രയും രൂക്ഷമായ സാഹചര്യം ഇതാദ്യമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!