സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: 3000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ശമ്പളം, പെൻഷൻ, മറ്റ് സാമ്ബത്തികച്ചെലവുകള്‍ എന്നിവയ്ക്കുള്ള തുക ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ 31ന് 2,000 കോടി രൂപ കടമെടുത്ത സർക്കാർ, ഒരാഴ്ച പിന്നിടുമ്പോഴേക്കും 3,000 കോടി രൂപ കൂടി എടുക്കാനൊരുങ്ങുകയാണ്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി ഓഗസ്റ്റ് ആറിനാണ് (ചൊവ്വാഴ്ച) കടമെടുക്കുന്നത്.

ഇതില്‍ ആയിരം കോടി രൂപ 16 വർഷക്കാലയളവിലും 2,000 കോടി രൂപ 35 വർഷക്കാലയളവിലും തിരിച്ചടവ് കണക്കാക്കിയാണ് എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

നടപ്പുവർഷം (2024-25) ഏപ്രില്‍ മുതല്‍ ഡിസംബർ വരെ കേരളത്തിന് 21,253 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് ആറിന് 3,000 കോടി രൂപ കൂടി എടുക്കുന്നതോടെ, നടപ്പുവർഷത്തെ കടം 17,500 കോടി രൂപയാകും. ജൂലൈ 31വരെയായി 14,500 കോടി രൂപ എടുത്തുകഴിഞ്ഞു. ബാക്കി 3,753 കോടി രൂപ മാത്രം.

ഓണക്കാലം അടുത്തെത്തി നില്‍ക്കേ, സംസ്ഥാന സർക്കാരിന് മുന്നിലുള്ളത് വൻ വെല്ലുവിളികളാണ്. സാധാരണ ഓണക്കാലത്ത് ജീവനക്കാരുടെ മുൻകൂർ ശമ്ബളം, ആനുകൂല്യം, പെൻഷൻ, വിപണിയിലെ ഇടപെടലുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ശരാശരി 15,000 കോടി രൂപയെങ്കിലും സംസ്ഥാന സർക്കാർ ചെലവാക്കാറുണ്ട്. കഴിഞ്ഞവർഷത്തെ ഓണക്കാലത്ത് ചെലവിട്ടത് 19,500 കോടിയോളം രൂപയാണ്.കേന്ദ്രം അനുവദിച്ച കടപരിധിയും കുറഞ്ഞുവെന്നിരിക്കേ, ഓണക്കാല ത്തേക്കും ഇനിയുള്ള മാസങ്ങളിലെയും ചെലവുകള്‍ക്കായി സംസ്ഥാന സർക്കാർ ‘പ്ലാൻ ബി’ തേടേണ്ടി വരും.

കേന്ദ്രവുമായി ചർച്ചകള്‍ നടത്തി കൂടുതല്‍ പണം കണ്ടെത്താനാകും മുഖ്യ ശ്രമം.കേരളത്തിന് ഹ്രസ്വകാല വായ്പ എടുക്കാവുന്ന വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് (WMA) പരിധി അടുത്തിടെ 1,683 കോടി രൂപയില്‍ നിന്ന് 2,300 കോടി രൂപയായി ഉയർത്തിയത് ആശ്വാസമാണ്. ബവ്റിജസ് കോർപ്പറേഷൻ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് തല്‍കാലത്തേക്ക് പണം കണ്ടെത്തി ചെലവാക്കാനുള്ള നടപടികളുണ്ടായേക്കാ മെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സഹകരണ, ക്ഷേമനിധി സ്ഥാപനങ്ങള്‍ വഴി പണം നേടാനുള്ള നടപടികളും ഉണ്ടായേക്കാം. കള്ള് ചെത്ത് തൊഴിലാളി ബോർഡില്‍ നിന്ന് കടമെടുക്കാനുള്ള നടപടികളും സർക്കാർ മുൻകാലങ്ങള്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!