കല്‍പ്പറ്റ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയില്‍, പ്രേം കുമാറിനും നിയമനം…

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍ക്കു മേധാവികളെ നിയമിച്ചു.

പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍. ഗായകന്‍ ജി വേണുഗോപാല്‍ സംഗീത നാടക അക്കാദമിയുടെയും നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും അധ്യക്ഷരാവും.

ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും. ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം.

അക്കാദമികളുടേയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണന്‍ കോണ്‍ഗ്രസ് സഹയാത്രിക നായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എംപി സുരേന്ദ്രന്‍ ആണ് സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറി.

നാടക പ്രവര്‍ത്തകന്‍ ഹേമന്ദ് കുമാര്‍ സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആവും. എന്‍വി പ്രദീപ് കുമാര്‍ ആണ് സെക്രട്ടറി. എല്‍ഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന നടന്‍ പ്രേംകുമാര്‍ പിന്നീട് സര്‍ക്കാരുമായുള്ള അസ്വാരസ്യത്തില്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് യുഡിഎഫിന് ഒപ്പമെത്തിയ പ്രേമകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറഷനിലാണ് നിയമനം. സംവിധായകന്‍ ആലപ്പി അഷ്റഫ് ആണ് വൈസ് ചെയര്‍മാന്‍.

ടിആര്‍ ഉദയകുമാര്‍ ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനും എംകെ ഷിബു സെക്രട്ടറിയുമാവും. ഫോക്ലോര്‍ അക്കാദമിയില്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനും ശ്രീരാമന്‍ കൊയ്യോന്‍ വൈസ് ചെയര്‍മാനുമാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!