തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ഇന്ന് മധ്യ വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.
അടുത്ത ഏതാനും മണിക്കൂറുകളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതുപോലെ തന്നെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകള്‍ പ്രകാരം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രവചിച്ചിട്ടില്ല. എന്നാല്‍ വരും മണിക്കൂറിലെ കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഇപ്പോഴുള്ള പ്രവചനത്തില്‍ മാറ്റം സംഭവിച്ചേക്കാം. നിലവില്‍ ഇന്ന് എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ്. ഈ മാസം ഒമ്പതാം തീയതി മാത്രമാണ് ഇനി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
