ടെന്നസി : അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ അപ്രതീക്ഷിത വഴിത്തിരിവ്. രണ്ട് തവണ മാരകമായ മരുന്ന് കുത്തിവെച്ചിട്ടും മരണം സംഭവിക്കാതെ വന്നതിനെ തുടർന്ന് 50കാരിയായ ക്രിസ്റ്റ പൈക്കിനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി.
നാഷ്‌വില്ലെയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം നടന്നത്.1995ൽ സഹപാഠിയായ 19കാരി കോളീൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കൊലപാതകം നടക്കുമ്പോൾ പൈക്കിന് 18 വയസ്സായിരുന്നു. 1996ലാണ് കോടതി വധശിക്ഷ വിധിച്ചത്.
പൈക്കിന് പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകളാണ് നൽകിയത്. ആദ്യ ഡോസ് നൽകിയിട്ടും മരണം സംഭവിക്കാതിരുന്നാൽ രണ്ടാമത്തെ ഡോസ് നൽകണമെന്നാണ് ടെന്നസിയിലെ വധശിക്ഷാ പ്രോട്ടോക്കോൾ വ്യക്തമാക്കുന്നത്. എന്നാൽ രണ്ടാമത്തെ ഡോസിന് ശേഷവും തടവുകാരി ജീവനോടെ തുടരുന്ന സാഹചര്യം നേരിടേണ്ടതെങ്ങനെയെന്ന് പ്രോട്ടോക്കോളിൽ വ്യക്തമായി പറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
വധശിക്ഷാ നടപടിക്കിടെ മരണം സംഭവിക്കാതിരുന്നതോടെ പൈക്കിനെ മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ചികിത്സ ആവശ്യപ്പെട്ട് പൈക്കിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ ഉദ്യോഗസ്ഥർ ചികിത്സ ആരംഭിച്ചതായി ഡിസ്ട്രിക്ട് ജഡ്ജ് ക്ലിഫ്ടൺ എൽ. കോർക്കർ ഉത്തരവിൽ വ്യക്തമാക്കി.
പൈക്കിന്റെ നിയമസംഘം നിയോഗിച്ച എമോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ഡോ. ജോയൽ സിവോട്ട്, മരണത്തിന് കാരണമാകുന്ന അളവിൽ പെന്റോബാർബിറ്റൽ രക്തത്തിൽ എത്തിയിട്ടുണ്ടാകില്ലെന്നാണ് അഭിപ്രായപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പും പൈക്കിന്റെ അഭിഭാഷകർ നിരവധി നിയമനടപടികളുമായി രംഗത്തെത്തിയിരുന്നു.
മാരക കുത്തിവെപ്പ് തടയാനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ വാദങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന കാരണത്താൽ ലോവർ കോടതി അനുവദിച്ച സ്റ്റേയും പിന്നീട് സുപ്രീം കോടതി റദ്ദാക്കി. സംഭവത്തിൽ സമഗ്രമായ മൂന്നാം കക്ഷി അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ടെന്നസി ഗവർണർ ബിൽ ലീ അറിയിച്ചു. നിശ്ചയിച്ചിരുന്ന വധശിക്ഷാ നടപടികൾ ഇനി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വധശിക്ഷാ ശ്രമത്തിനിടെ തങ്ങൾ സ്വീകരിച്ച നടപടികളിൽ ഉറച്ചുനിൽക്കുന്നതായി ടെന്നസി കറക്ഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രോട്ടോക്കോൾ പ്രകാരം ഉപയോഗിച്ച മാരക കുത്തിവെപ്പ് മരുന്ന് ഫലപ്രദമാണെന്നും അന്നത്തെ നടപടികൾക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാൻ നിലവിലെ പ്രോട്ടോക്കോൾ അനുവദിക്കുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കി.
1976ൽ യുഎസിൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന് ശേഷം 1,663 പുരുഷന്മാരാണ് വധശിക്ഷയ്ക്ക് വിധേയരായത്. ഇതേ കാലയളവിൽ 18 സ്ത്രീകൾക്കാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ആകെ വധശിക്ഷകളിൽ സ്ത്രീകളുടെ എണ്ണം ഏകദേശം ഒരു ശതമാനം മാത്രമാണ്.
