വിമാനത്താവളങ്ങളും തുറമുഖങ്ങളും ജിദ്ദ അടക്കമുള്ള നഗരങ്ങളും ആക്രമിക്കും’: സൗദി അറേബ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൂതി വിമതർ; വിമാന സർവീസുകൾ നീട്ടിവെച്ച് എയർ ഇന്ത്യ…

റിയാദ് : സൗദി അറേബ്യയിലേക്ക് വ്യാപകമായ സൈനിക ആക്രമണം നടത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ രംഗത്ത്. സൗദിയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജിദ്ദ അടക്കമുള്ള പ്രധാന നഗരങ്ങൾ എന്നിവയെല്ലാം ആക്രമിക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കി.

സൗദിയിലെ പ്രമുഖ വൈദ്യുതി ഉൽപ്പാദന കേന്ദ്രമായ ഷുഖൈഖ വൈദ്യുതി നിലയവും തങ്ങളുടെ ലക്ഷ്യമാണെന്ന് ഹൂതി വിമതർ വ്യക്തമാക്കി. മക്കയും മദീനയും ഒഴികെയുള്ള സൗദി വ്യോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികൾ ജാഗ്രത പാലിക്കണമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യെമനിലെ തന്ത്രപ്രധാനമായ ഹുദൈദ തുറമുഖം ആക്രമിക്കുമെന്ന സൗദി സഖ്യസേനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രത്യാക്രമണ ഭീഷണിയുമായി ഹൂതി വിമതർ രംഗത്തെത്തിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധഭീതിയും ആശങ്കയും ശക്തമായിരിക്കുകയാണ്.

സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടിവെച്ചു. ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 24 വരെ ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

കൂടാതെ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 30 വരെ നിർത്തിവെച്ചതായും വിമാനക്കമ്പനികൾ വ്യക്തമാക്കി. ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാർക്കും പ്രവാസി മലയാളികൾക്കും വലിയ പ്രതിസന്ധിയാണ് ഈ തീരുമാനം സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!