കൊച്ചി: “അത്യാവശ്യം ആൾട്ടറേഷൻ ഒക്കെ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചതാ…” കാറിൽ ബമ്പർ ഗാർഡ് വെച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ 5000 രൂപ പിഴ നോട്ടീസ് കിട്ടിയ ടാക്സി ഡ്രൈവർ ഷമീർ ഖാലിദിന്റെ വാക്കുകളാണിത്.
താൻ പിഴ അടക്കാൻ തയ്യാറാണെന്നും എന്നാൽ തുകയിൽ അല്പം കുറവ് വരുത്തി നൽകണമെന്നും ആവശ്യപ്പെട്ട് ഷമീർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. നിരവധി പേർ ഷമീറിന് പിന്തുണയുമായി എത്തിയെങ്കിലും, പിഴത്തുക കുറയ്ക്കാൻ നിയമപരമായി കഴിയില്ലെന്നും വേണമെങ്കിൽ അടയ്ക്കാനുള്ള സമയം നീട്ടി നൽകാമെന്നുമാണ് എംവിഡിയുടെ നിലപാട്.
വാഹന മോഡിഫിക്കേഷനിൽ വൻ ഇളവുകൾ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികൾക്ക് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പുതിയ റിപ്പോർട്ട് കടുത്ത നിരാശയാണ് സമ്മാനിച്ചത്. നിയമതടസ്സമില്ലാത്ത 18 തരം ‘സ്റ്റാൻഡേർഡ് എക്യുപ്‌മെന്റ് കാറ്റഗറി’ ലിസ്റ്റാണ് കമ്മീഷണർ സമർപ്പിച്ചത്. സാധാരണയായി എല്ലാവരും ചെയ്യുന്ന ഇത്തരം നിസ്സാര കാര്യങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത് എന്നത് മോഡിഫിക്കേഷൻ പ്രിയരുടെ നിരാശ കൂട്ടിയിരിക്കുകയാണ്.
മോഡിഫിക്കേഷൻ നിയന്ത്രണങ്ങൾക്ക് പുറമെ റോഡ് നിയമലംഘകർക്കെ തിരെയുള്ള ശിക്ഷാനടപടികളും മോട്ടോർ വാഹന വകുപ്പ് കർശനമാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഇനി കളി കാര്യമാകും. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാമെന്നതടക്കമായിരുന്നു മോഡിഫിക്കേഷനിൽ ഉൾപ്പെടുത്തിയിരുന്നത്.
നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഒന്ന് മുതൽ മൂന്ന് ദിവസം വരെ നിർബന്ധിത പരിശീലന ക്ലാസുകളിൽ പങ്കെടുക്കണം. കൂടാതെ, ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുന്നവരുടെ പേരുകൾ ഒളിച്ചുവെക്കില്ല; അവ പരസ്യമായി ‘സാരഥി’ പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവും ഉണ്ടാകും. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കുകയും ചെയ്യും.
