കുത്തിയോട്ടങ്ങളും, കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ഭരണി ഇന്ന്

ചെട്ടികുളങ്ങര(ആലപ്പുഴ ) : അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.

ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍ നിന്നും കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന് ക്ഷേത്രപ്രദർശനത്തിനു ശേഷം ദേവി സന്നിധിയില്‍ ചുവടു ചവിട്ടി കുത്തിയോട്ട സമർപ്പണം നടക്കും.

നരബലി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ വഴിപാടാണ് കുത്തിയോട്ടം. കുംഭഭരണി നാളില്‍ മാത്രം നടത്തുന്ന വഴിപാടാണ് കുത്തിയോട്ടമെന്ന പ്രത്യേകതയുമുണ്ട്. ശിവരാത്രി നാള്‍ മുതല്‍ കൈ മെയ് മറന്ന് ഒരേ മനസോടും വികാരത്തോടും കൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലായി നിർമിച്ച ദൃശ്യവിസ്മയങ്ങ ളായ കെട്ടുകാഴ്ചകള്‍ ഒന്നൊന്നായി വൈകുന്നേരം നാലോടെ ക്ഷേത്രത്തിലെത്തും.

ക്ഷേത്രസന്നിധിയിലെത്തി ദേവിയെ വണങ്ങി സമീപത്തെ കാഴ്ച ക്കണ്ടത്തില്‍ അണിനിരക്കുന്ന വർണാഭമായ കാഴ്ചയാണ് കുംഭഭരണി ഉത്സവത്തെ വിസ്മയാവഹമാക്കുന്നത്. ആറുകുതിര, അഞ്ചു തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി , ശില്‍പ്പങ്ങള്‍ എന്നിവയാണ് കെട്ടുകാഴ്ച്ചകളായിയെത്തുന്നത്.

കരവിരുതും അതിലേറെ ഭക്തിയും കലയും ഓണാട്ടുകരയുടെ ഒരുമയും പ്രകടമാക്കുന്നതാണ് ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച. അതിനാല്‍ കെട്ടുകാഴ്ച ദർശിക്കാൻ പല ദേശങ്ങളില്‍ നിന്നായി ഭക്ത സഹസ്രങ്ങള്‍ ഇന്ന് ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.

കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്ന കെട്ടുകാഴ്ച്ചകള്‍ക്കു മുമ്പില്‍ നാളെ പുലർച്ചെ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളിപ്പ് നടക്കുന്നതോടെ ഈ വർഷത്തെ കുംഭഭരണി ഉത്സവം സമാപിക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!